SHARE

കോവിഡ് വ്യാപനത്തെത്തുടർന്ന് പാതി വഴിയിൽ വെച്ച് നിർത്തിവെക്കേണ്ടി വന്ന പതിനാലാം എഡിഷൻ ഇന്ത്യൻ പ്രീമിയർ ലീഗിലെ ശേഷിക്കുന്ന മത്സരങ്ങൾ യു എ ഇ യിൽ പൂർത്തീകരിക്കുമെന്ന് കഴിഞ്ഞ‌ ദിവസം ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. സെപ്റ്റംബർ-ഒക്ടോബർ ജാലകത്തിൽ ടൂർണമെന്റ് പൂർത്തീകരിക്കാനാണ് ബിസിസിഐയുടെ നീക്കം. രാജ്യത്തെ കോവിഡ് വ്യാപനം മൂലമാണ് ഐപിഎല്ലിന്റെ രണ്ടാം ഭാഗം ഇന്ത്യയിൽ നടക്കാത്തതെന്നും, പകരം യു എ ഇയിലേക്ക് മാറ്റിയതെന്നുമാണ് കരുതപ്പെട്ടെ‌ങ്കിലും മറ്റൊരു കാരണമാണ് യു ഇ യിലേക്ക് മത്സരം മാറ്റിയതിന് പിന്നിൽ ബിസിസിഐ സെക്രട്ടറി ജയ് ഷാ ചൂണ്ടിക്കാട്ടുന്നത്.

സെപ്റ്റംബർ മാസത്തെ ഇന്ത്യയിലെ കാലാവസ്ഥ കണക്കിലെടുത്താണ് ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങൾ യു എ ഇയിലേക്ക് മാറ്റിയതെന്നാണ് ജയ് ഷാ പറയുന്നത്. സെപ്റ്റംബർ, മൺസൂൺ കാലമാണെന്ന് ചൂണ്ടിക്കാട്ടിയ ഷാ, ആ സമയത്ത് ഐപിഎൽ മത്സരങ്ങൾ ഇന്ത്യയിൽ നടത്തുന്നതിൽ അർത്ഥമില്ലെന്നും കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം ഹിന്ദുസ്ഥാൻ ടൈംസിനോട് സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

“യു എ ഇയിൽ ഐപിഎൽ നടത്താൻ ഞങ്ങൾ തീരുമാനമെടുത്തു. കാരണം മൺസൂൺ ആയതിനാൽ സെപ്റ്റംബർ മാസം ഇവിടെ മത്സരങ്ങൾ നടത്തുന്നത് പ്രായോഗികമല്ല. അതിനാലാണ് ഐപിഎൽ യു എ ഇ യിലേക്ക് മാറ്റിയത്. കാലാവസ്ഥ കണക്കിലെടുത്തു മാത്രമാണ് ഐപിഎൽ യു ഇ യിലേക്ക് മാറ്റുന്നത്. മൺസൂൺ സമയത്ത് ഇന്ത്യയിൽ മത്സരങ്ങൾ നടത്താൻ കഴിയില്ല‌. സെപ്റ്റംബറിലെ മൺസൂൺ സമയത്ത് മുംബൈയിലും, അഹമ്മദാബാദിലും എങ്ങനെയാണ് ഐപിഎൽ നടത്തുന്നത്‌?” ഷാ പറഞ്ഞു നിർത്തി.