SHARE

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിന‌ഞ്ചാം സീസൺ ഇന്ത്യയിൽ വെച്ചു തന്നെയാകും നടക്കുകയെന്ന‌ കാര്യം കഴിഞ്ഞ‌ദിവസം ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കിയിരുന്നു. ഇപ്പോളിതാ അടുത്ത വർഷം ഏപ്രിൽ 2 ന് ചെന്നൈയിൽ വെച്ചു നടക്കുന്ന മത്സരത്തോടെയാകും ടൂർണമെന്റിന് തുടക്കമാവുകയെന്ന സൂചനകൾ പുറത്ത് വന്നിരിക്കുന്നു. ഇക്കാര്യത്തിൽ ബിസിസിഐ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതു വരെ നടത്തിയിട്ടില്ലെങ്കിലും, ഏപ്രിൽ 2 തന്നെയായിരിക്കും ടൂർണമെന്റിന്റെ ആരംഭ തീയതിയെന്ന കാര്യം ബിസിസിഐ തീരുമാനിച്ചു കഴിഞ്ഞെന്നാണ് ക്രിക്ബസ് റിപ്പോർട്ട് ചെയ്യുന്നത്.

പുതിയ രണ്ട് ടീമുകൾ കൂടിയെത്തിയതോടെ 10 ടീമുകൾ മത്സരിക്കുന്ന ടൂർണമെന്റായി അടുത്ത വർഷം മുതൽ ഐപിഎൽ മാറും. ഇത് കൊ‌‌ണ്ടു തന്നെ നിലവിൽ നടന്നു കൊണ്ടിരിക്കുന്ന 60 ലീഗ് മത്സരങ്ങൾക്ക് പകരം 74 ലീഗ് മത്സരങ്ങളാകും 2022 സീസണിലുണ്ടാവുക. ഏപ്രിൽ രണ്ടിന് ആരംഭിക്കുന്ന പതിനഞ്ചാം സീസൺ ഐപിഎല്ലിന്റെ ഫൈനൽ മത്സരം ജൂൺ ആദ്യ വാരം നടക്കുമെന്നാണ് റിപ്പോർട്ടുകൾ. ജൂൺ നാലിനോ, അഞ്ചിനോ ആകും കലാശപ്പോരാട്ടം.

പതിനഞ്ചാം സീസൺ ഐപിഎല്ലിന്റെ ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ എതിരാളികൾ ആരായിരിക്കുമെന്ന കാര്യത്തിൽ ഇതു വരെ വ്യക്തതകളൊന്നും വന്നിട്ടില്ലെങ്കിലും അവരുടെ ചിരവൈരികളായ മുംബൈ ഇന്ത്യൻസ് തന്നെ ഈ മത്സരത്തിൽ എതിരാളികളായെത്താനാണ് സാധ്യത. ഉടൻ തന്നെ മത്സരഫിക്സ്ചറുകൾ പുറത്ത് വരുമെന്നതിനാൽ അധികം വൈകാതെ തന്നെ ഇക്കാര്യത്തിൽ വ്യക്തതയും കൈവരും.