SHARE

2020 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മത്സരക്രമം കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. മാർച്ച് 29 ന് മുംബൈ ഇന്ത്യൻസും, ചെന്നൈ സൂപ്പർ കിംഗ്സും തമ്മിൽ നടക്കുന്ന മത്സരത്തോടെയാണ് ഇത്തവണത്തെ ഐപിഎല്ലിന് തുടക്കമാകുന്നത്. ഐപിഎൽ ഫിക്സ്ചർ പുറത്ത് വന്നത് മുതൽ ക്രിക്കറ്റ് പ്രേമികൾ ചോദിക്കുന്ന കാര്യമാണ് നേരത്തെ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പ്രഖ്യാപിച്ച ഐപിഎൽ ഓൾസ്റ്റാർ മത്സരം എന്ന് നടക്കുമെന്നത്.

ഇത്തവണത്തെ ഇന്ത്യൻപ്രീമിയർ ലീഗിന് മുന്നോടിയായി ഐപിഎല്ലിലെ സൂപ്പർ താരങ്ങളെ ഉൾപ്പെടുത്തി ഐപിഎൽ ഓൾസ്റ്റാർ ചാരിറ്റി മത്സരം സംഘടിപ്പിക്കുമെന്ന് കഴിഞ്ഞ മാസമായിരുന്നു ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കിയത്. ഗാംഗുലി പ്രഖ്യാപനം നടത്തിയ ഈ ഓൾ സ്റ്റാർ ചാരിറ്റി മത്സരം അടുത്ത മാസം 25-ം തീയതിയാണ് നടക്കുക. 2020 സീസൺ ഐപിഎല്ലിന്റെ ഉദ്ഘാടന മത്സരത്തിന് വേദിയാകുന്ന മുംബൈയിലെ വാംഖഡെ സ്റ്റേഡിയം തന്നെയാണ് ഓൾ സ്റ്റാർ ചാരിറ്റി മത്സരത്തിനും വേദിയാവുക.

ഇന്ത്യയുടെ വടക്ക് – കിഴക്ക് ഭാഗത്ത് നിന്നുള്ള ഐപിഎൽ ടീമുകളിലെ താരങ്ങളടങ്ങുന്ന ഒരു സംഘവും, തെക്ക് – പടിഞ്ഞാറ് ഭാഗത്ത് നിന്നുള്ള ഐപിഎൽ ടീമുകളിലെ താരങ്ങളടങ്ങുന്ന സംഘവുമാകും ഈ ചാരിറ്റി മത്സരത്തിൽ ഏറ്റുമുട്ടുകയെന്നാണ് സൂചനകൾ. ഇങ്ങനെയാണെങ്കിൽ ഡെൽഹി ക്യാപിറ്റൽസ്, കിംഗ്സ് ഇലവൻ പഞ്ചാബ്, രാജസ്ഥാൻ റോയൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നീ ടീമുകളിൽ നിന്നുള്ള താരങ്ങളെ വെച്ച് കൊണ്ടുള്ള ടീമും, മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, ചെന്നൈ സൂപ്പർ കിംഗ്സ്, സൺ റൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകളിൽ നിന്നുള്ള താരങ്ങളടങ്ങിയ ടീമുമാവും ഐപിഎൽ ഓൾ സ്റ്റാർ ചാരിറ്റി മത്സരത്തിൽ ഏറ്റുമുട്ടുക.