SHARE

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ബ്രാൻഡ് വാല്യു 7 ശതമാനം വർധിച്ച് 6.8 ബില്ല്യണിലെത്തിയെന്ന് റിപ്പോർട്ട്. ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന കണക്കുകൾ പ്രകാരം ഐപിഎല്ലിലെ ഇത്തവണത്തെ ഫൈനലിസ്റ്റുകളായ ചെന്നൈ സൂപ്പർ കിംഗ്സ്, മുംബൈ ഇന്ത്യൻസ്, എന്നിവരും പോയ സീസണിൽ ശ്രദ്ധേയ പ്രകടനം കാഴ്ച വെച്ച ഡെൽഹി ക്യാപിറ്റൽസുമാണ് ബ്രാൻഡ് മൂല്യത്തിന്റെ കാര്യത്തിൽ നേട്ടമുണ്ടാക്കിയിരിക്കുന്നത്.

ഈ വർഷം ഐപിഎൽ കിരീടം നേടിയ മുംബൈ ഇന്ത്യൻസാണ് ബ്രാൻഡ് വാല്യുവിന്റെ കാര്യത്തിൽ ഏറ്റവും മികച്ച മുന്നേറ്റം നടത്തിയിരിക്കുന്നത്. മുംബൈയാണ് നിലവിൽ ഐപിഎല്ലിലെ ഏറ്റവും മൂല്യമുള്ള ടീം. മുകേഷ് അമ്പാനിയാണ് ടീമിന്റെ ഉടമസ്ഥൻ‌. ഇന്ത്യ സിമന്റ്സിന്റെ ഉടമസ്ഥതയിലുള്ള ചെന്നൈ സൂപ്പർ കിംഗ്സാണ് ബ്രാൻഡ് വാല്യുവിന്റെ കാര്യത്തിൽ ഐപിഎൽ ടീമുകളിൽ രണ്ടാമത്. 13.1 ശതമാനം വളർച്ചയാണ് അവരുടെ മൂല്യത്തിലുണ്ടായിരിക്കുന്നത്.

ഡെൽഹി ക്യാപിറ്റൽസിന്റെ ബ്രാൻഡ് മൂല്യത്തിൽ 8.9 ശതമാനം വളർച്ചയാണ് ഇക്കുറിയുണ്ടായത്. അതേ സമയം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, രാജസ്ഥാൻ റോയൽസ് ടീമുകൾക്ക് ബ്രാൻഡ് മൂല്യത്തിൽ ഇടിവ് സംഭവിച്ചെന്നും കണക്കുകൾ ചൂണ്ടിക്കാട്ടുന്നുണ്ട്.