SHARE

ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീ​ഗ്(ഐ.പി.എൽ) മത്സരങ്ങളും കാണികളെ പ്രവേശിപ്പിക്കാതെ നടത്താൻ സാധ്യത. കൊറോണ വൈറസ് ബാധയ്ക്കെതിരായ മുൻകരുതലെന്ന നിലയിലുള്ള സർക്കാർ നിർദേശത്തെത്തുടർന്നാണ് ബി.സി.സി.ഐയും ഇത്തരമൊരു ആലോചനയിലേക്ക് കടന്നത്.

കൊറോണ വൈറസ് സ്ഥിരീകരിച്ചതിന് പിന്നാലെ ഇന്ത്യയിലെ പല സംസ്ഥാനങ്ങളും ഐ.പി.എൽ മാറ്റവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിശ്ചയിച്ച സമയത്ത് തന്നെ മത്സരങ്ങൾ നടത്തുമെന്നാണ് നേരത്തെ ബി.സി.സി.ഐ.പ്രസിഡന്റ് സൗരവ് ​ഗാം​ഗുലി അറിയിച്ചത്. പക്ഷെ ഇപ്പോൾ വിഷയത്തിൽ കേന്ദ്ര സർക്കാർ പിടിമുറുക്കിയെന്നാണ് സൂചന. മത്സരങ്ങൾ ഒഴിവാക്കണമെന്നും, തീർത്തും ഒഴിവാക്കാനാകാത്ത മത്സരങ്ങൾ കാണികളെ പ്രവേശിപ്പിക്കാതെ നടത്തണമെന്നും യുവജനകാര്യ-കായിക മന്ത്രാലയം കായികസംഘടനകൾക്ക് കഴിഞ്ഞ ദിവസം നിർദേശം നൽകി.

ഇതോടെ മത്സരങ്ങൾ കാണികളെ പ്രവേശിപ്പിക്കാതെ നടത്താനുള്ള സാധ്യതകൾ തേടിയെന്ന് ഒരു ബി.സി.സി.ഐ. ഉന്നതൻ പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. ഇക്കാര്യത്തിൽ വിശദമായ ചർച്ചകൾക്കായി ശനിയാഴ്ച യോ​ഗം ചേരുമെന്നും അദ്ദേഹം അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഇതിനിടെ തന്നെ ഐ.പി.എൽ നടത്തുന്നതിനെതിരെ വിദേശകാര്യ മന്ത്രലായവും രം​ഗത്തെത്തി. ഐ.പി.എൽ നടത്തരുതെന്നാണ് തങ്ങളുടെ നിർദേശമെന്നും എന്നാൽ അന്തിമ തീരുമാനം ഐ.പി.എൽ അധികൃതർ തീരുമാനക്കുന്നതാണെന്നും, പത്രക്കുറപ്പിൽ പറയുന്നു.