SHARE

ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മത്സരക്രമം ബിസിസിഐ നാളെ പ്രഖ്യാപിക്കുമെന്ന് സൂചന. നേരത്തെ പൊതുതിരഞ്ഞെടുപ്പിന്റെ തീയതി പുറത്ത് വന്നതിന് ശേഷം ഐപിഎൽ ഫിക്സ്ചർ പ്രഖ്യാപിക്കുമെന്നായിരുന്നു കരുതിയിരുന്നത്, എന്നാൽ തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപനം വൈകുന്നതിനാൽ ഐപിഎൽ മത്സരക്രമം പുറത്ത് വിടാൻ ബിസിസിഐ തീരുമാനിക്കുകയായിരുന്നു‌. ഏകദിന ലോകകപ്പിനെത്തുടർന്ന് ഈ വർഷം മാർച്ച് 23-ം തീയതി ഐപിഎൽ മത്സരങ്ങൾ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.

അതേ സമയം പൊതുതിരഞ്ഞെടുപ്പിന്റെ തീയതി പുറത്ത് വന്നതിന് ശേഷം ഐപിഎൽ മത്സര ക്രമത്തിലും ചെറിയ രീതിയിലുള്ള മാറ്റങ്ങൾ ബിസിസിഐ വരുത്തും. മുൻ സീസണുകളിലേതിൽ നിന്ന് ഏറെ വ്യത്യാസങ്ങളുമായാണ് ഈ വർഷത്തെ ഐപിഎൽ എത്തുന്നത്‌. മുൻ സീസണുകളിലേത് പോലെ ഹോം ആൻഡ് എവേ രീതിയിലായിരിക്കില്ല ഇത്തവണ മത്സരങ്ങൾ നടക്കുക. ഒരു ടീമിന് ലഭിക്കുക മൂന്ന് ഹോം മത്സരങ്ങൾ വീതമായിരിക്കും.

അതേ സമയം പൊതുതിരഞ്ഞെടുപ്പിനെത്തുടർന്ന് ഇന്ത്യയ്ക്ക് വെളിയിലേക്ക് ഇത്തവണ ഐപിഎൽ മാറ്റിയേക്കുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നെങ്കിലും ടീമുകളുടേയും സ്പോൺസർമാരുടേയും സമ്മർദ്ദത്തിന് വഴങ്ങി ടൂർണമെന്റ് ഇന്ത്യയിൽത്തന്നെയാക്കാൻ ബിസിസിഐ തീരുമാനിക്കുകയായിരുന്നു. മുൻപ് പൊതു തിരഞ്ഞെടുപ്പ് നടന്ന 2009, 2014 വർഷങ്ങളിൽ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ വിദേശത്ത് നടത്തേണ്ടി വന്നിരുന്നു.