SHARE

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത്, ഐപിഎൽ ടീമുകളുടെ നോട്ടപ്പുള്ളിയായി മാറി ബെംഗാൾ ഓപ്പണർ വിവേക് സിംഗ്. ഒഡീഷയ്ക്കെതിരെ നടന്ന ഇത്തവണത്തെ ആദ്യ മത്സരത്തിൽ ബെംഗാളിനായി അർധ സെഞ്ചുറി നേടിയ ഈ ഇടം കൈയ്യൻ ബാറ്റ്സ്മാൻ, ജാർഖണ്ഡിനെതിരെ നടന്ന രണ്ടാം മത്സരത്തിൽ 64 പന്തുകളിൽ നിന്ന് സെഞ്ചുറി നേടുകയായിരുന്നു‌.

ഒഡീഷയ്ക്കെതിരെ ബെംഗാൾ 114 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന മത്സരത്തിൽ 35 പന്തുകളിൽ 6 ബൗണ്ടറികളും, 2 സിക്സറുകളുമടക്കം 54 റൺസ് നേടി വിവേക് സിംഗ് പുറത്താകാതെ നിന്നു. ഈ മത്സരത്തിൽ ബെംഗാൾ 9 വിക്കറ്റിന് വിജയിക്കുകയും ചെയ്തു‌. ജാർഖണ്ഡിനെതിരായ മത്സരത്തിൽ ആദ്യ ബാറ്റിംഗായിരുന്നു ബെംഗാളിന്റേത്. വെറും 64 പന്തുകളിൽ 13 ബൗണ്ടറികളും 3 സിക്സറുകളുമടക്കം 100 റൺസ് നേടിയ വിവേക് സിംഗ് തന്റെ തകർപ്പൻ ഫോം തുടർന്നു. ഈ മത്സരത്തിലും താരത്തെ പുറത്താക്കാൻ എതിരാളികൾക്ക് കഴിഞ്ഞില്ല‌. മത്സരത്തിൽ ബെംഗാൾ 16 റൺസിന് വിജയിക്കുകയും ചെയ്തു‌‌.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ഇത്തവണത്തെ ആദ്യ രണ്ട് മത്സരങ്ങളിൽ നിന്നായി മൊത്തം 99 പന്തുകൾ നേരിട്ട വിവേക് 154 റൺസാണ് അടിച്ചു കൂട്ടിയത്. അടുത്ത സീസൺ ഐപിഎല്ലിന് മുന്നോടിയായുള്ള താരലേലം ഫെബ്രുവരിയിൽ നടക്കാനിരിക്കെ വിവേക് സിംഗ് പുറത്തെടുക്കുന്ന ഈ മിന്നും പ്രകടനങ്ങൾ ഫ്രാഞ്ചൈസികൾ ശ്രദ്ധിച്ചു കഴിഞ്ഞു. ടൂർണമെന്റിലെ മുന്നോട്ടുള്ള മത്സരങ്ങളിലും തന്റെ മിന്നും ഫോം തുടരാൻ കഴിഞ്ഞാൽ അടുത്ത ഐപിഎൽ ലേലത്തിൽ ഏറ്റവും കൂടുതൽ ഡിമാൻഡുള്ള താരങ്ങളിലൊരാളായി വിവേക് സിംഗ് മാറും.