ഈ വർഷം നടക്കാനിരിക്കുന്ന വനിതാ ഐപിഎല്ലിന്റെ ആദ്യ പതിപ്പിന് ടീമുകളെയിറക്കാൻ താൽപര്യപ്പെട്ട് ഐപിഎൽ ഫ്രാഞ്ചൈസികളും. ക്രിക്ക്ബസിന്റെ റിപ്പോർട്ട് പ്രകാരം ഐപിഎല്ലിലെ ഏഴ് ഫ്രാഞ്ചൈസികൾ വനിതാ ടീമുകളിലും താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
അഞ്ച് ടീമുകളാണ് വനിതാ ഐപിഎല്ലിന്റെ ഉദ്ഘാടന സീസണിൽ കളിക്കുന്നത്. ഇതിൽ ടീമുകൾക്കായുള്ള ടെക്നിക്കൽ ബിഡ് സമർപ്പിക്കേണ്ടത് ഇന്നലെയായിരുന്നു. സൂചനകൾ പ്രകാരം ഐപിഎല്ലിലെ ഏഴ് ഫ്രൈഞ്ചൈസികളടക്കം 17 സംഘങ്ങൾ വനിതാ ഐപിഎൽ ടീമിനായി രംഗത്തുണ്ട്. ഐപിഎൽ ഫ്രാഞ്ചസികൾക്ക് പുറമെ അദാനി ഗ്രൂപ്പ്, ജെകെ സിമന്റ്സ്, അപ്പോളോ ടയേഴ്സ് തുടങ്ങിയരാണ് ടീമുൾക്കായി രംഗത്തുള്ളതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല.
ചെന്നൈ സൂപ്പർ കിങ്സ്, ഗുജറാത്ത് ടൈറ്റൻസ്, ലഖ്നൗ സൂപ്പർജയന്റസ് എന്നീ ഐപിഎൽ ഫ്രാഞ്ചൈസികളാണ് വനിതാ ഐപിഎല്ലിൽ താൽപര്യം പ്രകടിപ്പിക്കാത്തതെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ ബിസിനസ് പരമായ തീരുമാനമാണിതെന്നാണ് ഒരു ചെന്നൈ ഉന്നതൻ ക്രിക്ക്ബസിനോട് പറഞ്ഞത്. പുരുഷ ടീമിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തൽക്കാലം തീരുമാനമെന്നാണ് ടൈറ്റൻസ് അധികൃതർ വ്യക്തമാക്കുന്നത്. അതേസമയം ലഖ്നൗ സംഘം ഒഴിവായതിന്റെ കാരണം വ്യക്തമല്ല.