SHARE

ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ മഹേന്ദ്ര സിംഗ് ധോണിയുടെ ബാറ്റിംഗ് പൊസിഷൻ വലിയ രീതിയിൽ ക്രിക്കറ്റ് ലോകത്ത് ചർച്ചാവിഷയമായിരിക്കുന്നു. 2020 സീസൺ ഐപിഎല്ലിലെ ആദ്യ രണ്ട് മത്സരങ്ങളിലും ചെന്നൈയ്ക്കായി ഏഴാം നമ്പരിൽ ബാറ്റിംഗിനിറങ്ങിയ ധോണി, ഇന്നലെ ഡെൽഹി ക്യാപിറ്റൽസിനെതിരെ നടന്ന മത്സരത്തിൽ ആറാമനായിട്ടായിരുന്നു ക്രീസിലെത്തിയത്.

മുംബൈ ഇന്ത്യൻസിനെതിരേയും, പിന്നീട് രാജസ്ഥാൻ റോയൽസിനെതിരെയുമുള്ള മത്സരങ്ങളിൽ ധോണി ഏഴാം സ്ഥാനത്ത് ബാറ്റിംഗിനിറങ്ങിയതിന് പിന്നാലെ താരം കുറച്ച് കൂടി നേരത്തെ ബാറ്റിംഗിന് എത്തണമെന്ന ആവശ്യവുമായി ആരാധകർ രംഗത്തെത്തിയിരുന്നു‌. കഴിഞ്ഞ ദിവസം പ്രശസ്ത ക്രിക്കറ്റ് കമന്റേറ്റായ മാർക്ക് നിക്കോളാസ് ഇക്കാര്യം ധോണിയോട് നേരിട്ട് ചോദിക്കുകയും ചെയ്തു.

ഇന്ത്യയിലെ ഭൂരിപക്ഷവും, പ്രത്യേകിച്ച് ചെന്നൈ സൂപ്പർ കിംഗ്സ് ആരാധകർ നിങ്ങൾ ബാറ്റിംഗിൽ കുറച്ച് കൂടി നേരത്തെയെത്തണമെന്ന് ആഗ്രഹിക്കുന്നതായി നിക്കോളാസ് ചൂണ്ടിക്കാട്ടിയപ്പോൾ, മത്സര സാഹചര്യങ്ങൾ നോക്കിയാണ് തന്റെ ബാറ്റിംഗ് സ്ഥാനം തീരുമാനിക്കുന്നത് എന്നായിരുന്നു ധോണിയുടെ മറുപടി. അതിനൊപ്പം അദ്ദേഹം ഇങ്ങനെ കൂടി കൂട്ടിച്ചേർത്തു, “ടീമിന് ഏറ്റവും മികച്ചത് എന്താണോ ഞങ്ങൾ അത് ചെയ്യും. അത് തന്ത്രങ്ങളുടെ ഭാഗമാണ്. അതിനാൽ നിങ്ങൾ കാത്തിരുന്ന് കാണുക.”.