SHARE

കോവിഡ് 19 ന്റെ വ്യാപനത്തെത്തുടർന്ന് ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് ഉപേക്ഷിച്ചേക്കുമെന്നും ഇങ്ങനെയാണെങ്കിൽ‌ അടുത്ത സീസൺ ഐപിഎല്ലിന് മുന്നോടിയായി നടക്കേണ്ട താരങ്ങളുടെ മെഗാ ലേലം 2022 സീസണിലേക്ക് മാറ്റിയേക്കുമെന്നും റിപ്പോർട്ട്. ഐപിഎൽ ഗവേണിംഗ് കൗൺസിലുമായി അടുത്ത വൃത്തങ്ങളിൽ ഒരാളാണ് ഇക്കാര്യത്തിൽ സൂചനകൾ പുറത്ത് വിട്ടിരിക്കുന്നത്.

2018 ലായിരുന്നു അവസാനമായി ഐപിഎല്ലിൽ മെഗാ ലേലം നടന്നത്. മൂന്ന് വർഷത്തേക്കായിരുന്നു ഈ ലേലത്തിൽ നിന്ന് ഫ്രാഞ്ചൈസികൾ താരങ്ങളെ സ്വന്തമാക്കിയത്. ഇങ്ങനെ വരുമ്പോൾ ഇത്തവണത്തെ സീസണ് ശേഷം ഈ താരങ്ങൾക്ക് തങ്ങളുടെ ഐപിഎൽ ടീമുകളുമായുള്ള കരാറുകൾ അവസാനിക്കുകയാണ്. മെഗാലേലത്തിൽ നിശ്ചിത എണ്ണം താരങ്ങളെ മാത്രം ടീമിൽ നിലനിർത്താനേ ഫ്രാഞ്ചൈസികൾക്ക്‌ കഴിയൂ. ഇത് മൂന്ന് മുതൽ അഞ്ച് വരെ താരങ്ങൾ മാത്രമായിരിക്കും. ടീമിലെ ബാക്കിയുള്ള താരങ്ങളെല്ലാം ലേലത്തിനെത്തും. എന്നാൽ കോവിഡ് 19 നെത്തുടർന്ന് ഐപിഎൽ ഉപേക്ഷിക്കുകയാണെങ്കിൽ മെഗാ ലേലത്തിന് ശേഷം ‌3 സീസണുകളിൽ അതാത് ടീമുകൾക്ക് വേണ്ടി കളിക്കാൻ താരങ്ങൾക്ക് കഴിയില്ല. ഇതിനാലാണ് ഇക്കുറി ഐപിഎൽ നടന്നില്ലെങ്കിൽ അടുത്ത വർഷം നടക്കേണ്ട മെഗാ ലേലവും മാറ്റാൻ അധികൃതർ തീരുമാനിച്ചിരിക്കുന്നത്.