SHARE

അടുത്ത സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിനായുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ച് നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ്‌. പുതിയ സീസണിന് മുന്നോടിയായുള്ള ടീമിന്റെ സെലക്ഷൻ ട്രയൽസുകൾ അടുത്തയാഴ്ച ആരംഭിക്കുമെന്നാണ് സൂചന. ആദ്യ പടിയായി രണ്ട് യുവ ഇന്ത്യൻ താരങ്ങളെയാണ് അവർ ട്രയൽസിനായി ക്ഷണിച്ചിരിക്കുന്നത്

കഴിഞ്ഞ കുറച്ച് നാളുകളായി ഇന്ത്യൻ അഭ്യന്തര ക്രിക്കറ്റിൽ ശ്രദ്ധേയ പ്രകടനം കാഴ്ച വെക്കുന്ന ഒഡീഷയുടെ ഇടം കൈയ്യൻ സ്പിന്നർ പപ്പു റോയേയും, ഉത്തരഖണ്ഡിൽ നിന്നുള്ള പതിനേഴുവയസുകാരൻ ബാറ്റ്സ്മാൻ അവ്നീഷ് ഖാനേയുമാണ് രണ്ട് ദിവസ ട്രയൽസിനായി മുംബൈ ഇന്ത്യൻസ് ക്ഷണിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണിലെ വിജയ് ഹസാരെ ട്രോഫിയിൽ 8 മത്സരങ്ങളിൽ നിന്ന് 14 വിക്കറ്റുകൾ വീഴ്ത്തിയ പപ്പു റോയ്, ദേവ് ധർ ട്രോഫി കളിച്ച ഇന്ത്യ-സി ടീമിലും ഇടം പിടിച്ചിരുന്നു. ഇന്ത്യ-സി കിരീടം നേടിയ ഈ ടൂർണമെന്റിൽ 2 മത്സരങ്ങളിൽ നിന്ന് 6 വിക്കറ്റുകളും താരം വീഴ്ത്തിയിരുന്നു.

അതേ സമയം ഈ വർഷം ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന അണ്ടർ 19 യൂത്ത് ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ അണ്ടർ 19 ടീമിന് വേണ്ടി കളിച്ച താരമാണ് അവ്നീഷ് ഖാ‌ൻ. ഈയടുത്ത് ലിസ്റ്റ് എ ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ഈ കൗമാര ബാറ്റ്സ്മാൻ, വിജയ് ഹസാരെ ട്രോഫിയിൽ ഉത്തരാഖണ്ഡിന് വേണ്ടി 47.33 ബാറ്റിംഗ് ശരാശരിയിൽ 284 റൺസ് നേടിയിരുന്നു.