SHARE

ലോകത്ത് ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന സ്പോർട്സ് ടൂർണമെന്റുകളിൽ ഇന്ത്യൻ പ്രീമിയർ ലീഗിന് ഒൻപതാം സ്ഥാനം. കെ എം പി‌ ജി ഫുട്ബോൾ ബെഞ്ച്മാർക്ക് അടുത്തിടെ നടത്തിയ പഠനത്തിലാണ് ഐപിഎൽ, അഭിമാനകരമായ ഈ നേട്ടം സ്വന്തമാക്കിയത്. സോഷ്യൽ മീഡിയയിൽ ടൂർണമെന്റ് പിന്തുടരുന്നവരുടെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തൽ.

ടൂർണമെന്റുകൾ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ, യൂടൂബ് ചാനലുകൾ തുടങ്ങിയവയിലൂടെ പിന്തുടരുന്നവരുടെ എണ്ണം നോക്കിയായിരുന്നു ഈ കണക്കെടുപ്പ്. ഫുട്ബോൾ ടൂർണമെന്റായ യുവേഫ ചാമ്പ്യൻസ് ലീഗാണ്‌ ലോകത്ത് ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന സ്പോർട്സ് ടൂർണമെന്റുകളിൽ ഒന്നാം സ്ഥാനത്തെത്തിയത്‌.‌ സമൂഹ മാധ്യമങ്ങളിൽ 141 മില്ല്യൺ പേരാണ് ചാമ്പ്യൻസ് ലീഗിനെ പിന്തുടരുന്നത്. ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പായ എൻ ബി എ യാണ് ഇക്കാര്യത്തിൽ രണ്ടാമത്. 119 മില്ല്യൺ ആൾക്കാരാണ് എൻ ബി യെ പിന്തുടരുന്നത്. ലിസ്റ്റിൽ ഒൻപതാം സ്ഥാനത്തുള്ള ഇന്ത്യൻ പ്രീമിയർ ലീഗിന് 31 മില്ല്യൺ ഫോളോവേഴ്സാണുള്ളത്‌.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ (95 മില്ല്യൺ ഫോളോവേഴ്സ്), ലാലീഗ (87 മില്ല്യൺ ഫോളോവേഴ്സ്), ഫിഫ ലോകകപ്പ് (68 മില്ല്യൺ ഫോളോവേഴ്സ്) എന്നിവരാണ് ഈ പട്ടികയിൽ യഥാക്രമം മൂന്ന് മുതൽ അഞ്ച് വരെ സ്ഥാനങ്ങളിലുള്ളത്. 48 മില്ല്യൺ ഫോളോവേഴ്സുള്ള ഐസിസി ക്രിക്കറ്റ് ലോകകപ്പും ലിസ്റ്റിൽ ആദ്യ പത്തിലുണ്ട്. ഐപിഎല്ലിനും മുൻപിൽ എട്ടാമതാണ് പട്ടികയിൽ ലോകകപ്പിന്റെ സ്ഥാനം.