SHARE

2018 ഐ പി എല്ലിലേക്കുള്ള താരങ്ങളെ നിലനിര്‍ത്താനുള്ള സമയപരിധി അവസാനിക്കാനിരിക്കേ നിലനിര്‍ത്തുന്ന താരങ്ങളുടെ കാര്യത്തില്‍ ഏകദേശ ധാരണയായതായി റിപ്പോര്‍ട്ട്.  ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തങ്ങള്‍ നിലനിര്‍ത്തുന്ന താരങ്ങളെ പരോക്ഷമായി ട്വിറ്ററിലൂടെ പ്രഖ്യാപിച്ച് കഴിഞ്ഞിട്ടുമുണ്ട്. ധോണിയെയും, റെയ്‌നയെയും, ജഡേജയെയും, നിലനിര്‍ത്തുന്നുവെന്ന മട്ടില്‍ താരങ്ങളുടെ ജഴ്‌സി നമ്പര്‍  ട്വിറ്ററിലൂടെ പുറത്ത് വിട്ടിരിക്കുകയാണ്.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നിലനിര്‍ത്തുന്നത് വിരാട് കോഹ്ലിയ്ക്കും എ ബി ഡിവില്ലിയേഴ്‌സിനുമൊപ്പം ഇതുവരെ അന്താരാഷ്ട്ര മത്സരം കളിക്കാത്ത സര്‍ഫറാസ് അഹമ്മദിനെയും ആണെന്ന് ഏകദേശ ധാരണ ആയിട്ടുണ്ട്. മുംബൈ ഇന്ത്യന്‍സ് രോഹിത് ശര്‍മ്മയെയും, ക്രുനാല്‍ പാണ്ഡ്യയെയും നിലനിര്‍ത്താനുള്ള ഒരുക്കത്തിലാണ്. നിലനിര്‍ത്തുന്ന മൂന്നാമത്തെ താരത്തിന്റെ കാര്യത്തിലാണ് ഇനിയും തീരുമാനമാവേണ്ടത്. ജസ്പ്രീത് ബുംറയെ നിലനിര്‍ത്തണോ ഹാര്‍ദിക് പാണ്ഡ്യയെ നിലനിര്‍ത്തണോ എന്ന ആശയക്കുഴപ്പമാണ് മുംബൈക്കുള്ളത്.

ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ശ്രേയസ്സ് അയ്യരെയും, ഋഷഭ് പന്തിനെയും, ക്രിസ് മോറിസിനെയും, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സുനില്‍ നരെയ്‌നെയും, ആന്‍ഡ്രെ റസ്സലിനെയും നിലനിർത്തിയേക്കും.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഡേവിഡ് വാര്‍ണറെയും, ബുവനേശ്വര്‍ കുമാറിനെയും നിലനിര്‍ത്തുന്നുണ്ട്. എന്നാല്‍ ശിഖര്‍ ധവാന്റെ കാര്യത്തില്‍ ടീം സംശയത്തിലാണ് എന്നാണ് റിപ്പോര്‍ട്ട്. രാജസ്ഥാന്‍ റോയല്‍സ് സ്റ്റീവന്‍ സ്മിത്തിനെയും കിംഗ്‌സ് ഇലവന്‍ പഞ്ചാബ് അക്‌സര്‍ പട്ടേലിനെയും നിലനിര്‍ത്താമെന്ന കാര്യത്തിലും ധാരണ ആയിട്ടുണ്ട്. ഇന്ന് രാത്രിയോടെ ആരാധകര്‍ക്ക് ടീമുകള്‍ നിലനിര്‍ത്തിയ താരങ്ങളെ കുറിച്ച് ഔദ്യോഗിക വിവരങ്ങൾ പുറത്ത് വരും.