SHARE

അടുത്ത മാസം 29-ആം തീയതി ആരംഭിക്കാനിരുന്ന ഇത്തവണത്തെ ഐപിഎൽ സീസൺ കുറച്ച് കൂടി വൈകിയേക്കുമെന്ന് സൂചന. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസൺ ആരംഭിക്കാനിരിക്കുന്ന സമയം തന്നെ ഐസിസി യുടെ ബോർഡ് മീറ്റിംഗ് നടക്കാനിരിക്കുന്നതാണ് ഇതിന് കാരണം. ഐസിസി ബോർഡ് മീറ്റിംഗ് മാറ്റിവെക്കണമെന്ന് ബിസിസിഐ, അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനോട് ആവശ്യപ്പെട്ടെങ്കിലും ഐസിസി അത് തള്ളിക്കളഞ്ഞതായാണ് പുറത്ത് വരുന്ന ഏറ്റവും പുതിയ റിപ്പോർട്ട്.

അടുത്ത മാസം 26 മുതൽ 29 വരെയാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ബോർഡ് മീറ്റിംഗ് നടക്കുന്നത്. ഐപിഎൽ തുടങ്ങാൻ ഇരിക്കുന്നതാവട്ടെ മാർച്ച് 29 നും. ഐസിസി മീറ്റിംഗിന്റെ തീയതിയും സമയവുമെല്ലാം കഴിഞ്ഞ ഓഗസ്റ്റിലേ തീരുമാനിച്ചിരുന്നു. ഇതിനായി എത്തുന്ന വിവിധ രാജ്യത്ത് നിന്നുള്ള പ്രതിനിധികൾക്കായി താമസ, ഭക്ഷണ, യാത്ര സൗകര്യങ്ങളെല്ലാം നേരത്തെ തന്നെ തരപ്പെടുത്തിയിരുന്നു. അത് കൊണ്ട് തന്നെ ഇനി ഒരു ഡേറ്റ് മാറ്റത്തിന് ഐസിസി തയ്യാറായേക്കില്ല. ഇങ്ങനെ വരുമ്പോൾ ഐപിഎല്ലിന്റെ ഉദ്ഘാടന തീയതി കുറച്ച് നാൾ നീട്ടേണ്ടി‌വരും. മത്സരക്രമത്തിന്റെ കാര്യത്തിൽ ബിസിസിസിഐയുടെ ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് ഇപ്പോൾ ക്രിക്കറ്റ് പ്രേമികൾ.