SHARE

പന്ത്രണ്ടാം എഡിഷൻ ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിക്കാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കേ തങ്ങളുടെ ടൈറ്റിൽ സ്പോൺസറെ കണ്ടെത്താനാവാതെ കിംഗ്സ് ഇലവൻ പഞ്ചാബ്. മറ്റ് ഐപിഎൽ ടീമുകളെല്ലാം നേരത്തെ തന്നെ തങ്ങളുടെ ടൈറ്റിൽസ്പോൺസർമാരെ കണ്ടെത്തിയെങ്കിലും പഞ്ചാബിന് ഇതേ വരെ തങ്ങളുടെ ടൈറ്റിൽ സ്പോൺസറെ കണ്ടെത്താനായിട്ടില്ല. സീസണിലെ ടീമിന്റെ വരുമാനത്തെയുംഇത് പ്രതികൂലമായി ബാധിക്കുമെന്നതിനാൽ വൻ പ്രതിസന്ധിയിലാണ് ഇപ്പോൾ പഞ്ചാബ് ഫ്രാഞ്ചൈസി.

വാട്ടർ പ്യൂരിഫയർ ബ്രാൻഡായ കെന്റ് റോ ആയിരുന്നു കഴിഞ്ഞ സീസണിൽ ടീമിന്റെ ടൈറ്റിൽ സ്പോൺസർ, എന്നാൽ ഈ സീസണിൽ ടീമുമായുള്ള കരാർ പുതുക്കേണ്ടെന്ന് അവർ തീരുമാനിക്കുകയായിരുന്നു‌. ഇതോടെയാണ് കിംഗ്സ് ഇലവൻ പഞ്ചാബിന്റെ പ്രതിസന്ധി ആരംഭിച്ചത്. ഐപിഎൽ തൊട്ടടുത്തെത്തിയിട്ട് പോലും ടൈറ്റിൽ സ്പോൺസറെ കണ്ടെത്താൻ കഴിയാത്തതിനാൽ ടീമിന്റെ ടൈറ്റിലിന്റെ തുക ഫ്രാഞ്ചൈസി കുറച്ചിരുന്നു. പക്ഷേ എന്നിട്ട് പോലും ഇതേ വരെ ഒരു ബ്രാൻഡ് പോലും അവരുടെ ടൈറ്റിൽ സ്പോൺസറാവാൻ മുന്നോട്ട് വന്നിട്ടില്ല.

ഐപിഎല്ലിന് ഒരു ദിവസവും, തങ്ങളുടെ ആദ്യ മത്സരത്തിലേക്ക് മൂന്ന് ദിവസവും മാത്രം ബാക്കി നിൽക്കേ സ്പോൺസർമാരെ കണ്ടെത്താനായിട്ടില്ലാത്ത പഞ്ചാബ് തങ്ങളുടെ ടൈറ്റിൽസ്പോൺസർഷിപ്പ് തുക കുത്തനെ കുറച്ചേക്കുമെന്നാണ് നിലവിൽ ലഭിക്കുന്ന റിപ്പോർട്ട്. എന്നാൽ ഇങ്ങനെ ചെയ്താൽ പോലും പഞ്ചാബിന് ടൈറ്റിൽ സ്പോൺസറെ ലഭിക്കുന്ന കാര്യം ബുദ്ധിമുട്ടാണെന്നാണ് പറയപ്പെടുന്നത്‌.