SHARE

ഇന്ത്യന്‍ മലിംഗയെന്ന് ഇതിനകം പേരു സമ്പാദിച്ച ഗണേഷന്‍ പെരിയസ്വാമിയെന്ന ഫാസ്റ്റ് ബൗളറെ സ്വന്തം തട്ടകത്തില്‍ എത്തിക്കാനുള്ള തയാറെടുപ്പിലാണ് ഐപിഎല്‍ ടീമുകള്‍. തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസിനായി തകര്‍പ്പന്‍ പ്രകടനമാണ് ഈ യുവതാരം കാഴ്ച്ചവയ്ക്കുന്നത്. ഏഴു മത്സരങ്ങളില്‍ നിന്ന് 13 വിക്കറ്റുകള്‍ വീഴ്ത്തിയ ഗണേഷന്റെ ഇക്കോണമി വെറും 6.84 ആണ്.

ലങ്കന്‍ താരം ലസിത് മലിംഗയുടെ റൗണ്ട് ആം ആക്ഷനുമായി സാമ്യമുള്ളതാണ് ഗണേഷന്റെ ബൗളിംഗ് രീതി. അതുകൊണ്ട് തന്നെ ബാറ്റ്‌സ്മാന്മാര്‍ക്ക് പന്തുകള്‍ നേരിടാന്‍ വളരെ ബുദ്ധിമുട്ടാണ്. താരത്തിന്റെ പ്രകടനം ഐപിഎല്‍ ടീമുകളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഗണേഷനുമായി കരാറിലൊപ്പിടാന്‍ ചില ടീമുകള്‍ ശ്രമം തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.

മുന്‍ ഇന്ത്യന്‍ താരം ലക്ഷ്മീപതി ബാലാജിയുടെ അഭിപ്രായത്തില്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റിന് ഗണേഷന്‍ മുതല്‍ക്കൂട്ടാകും. മികച്ച യോര്‍ക്കറുകളാണ് താരത്തെ വ്യത്യസ്തമാക്കുന്നത്. ഇതുവരെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കളിച്ചിട്ടില്ലാത്ത താരത്തെ അടുത്ത രഞ്ജി ട്രോഫിയില്‍ തമിഴ്‌നാട് നിരയില്‍ കാണാനാകും.