SHARE

ലോകകപ്പിന് മുന്നോടിയായി നടക്കുന്ന ഐപിഎല്ലില്‍ ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് വിശ്രമം നല്കണമെന്ന ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ അഭിപ്രായത്തിന് പിന്തുണ കുറവ്. വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഫ്രാഞ്ചൈസികളും ഇക്കാര്യത്തില്‍ എതിര്‍നിലപാടുകാരാണ്. ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ഉമേഷ് യാദവ് എന്നിവര്‍ക്ക് ഐപിഎല്ലില്‍ നിന്ന് വിശ്രമം അനുവദിക്കണമെന്നായിരുന്നു കോഹ്‌ലിയുടെ ആവശ്യം.

മുംബൈ ഇന്ത്യന്‍സ് പ്ലേഓഫിലോ ഫൈനലിലോ എത്തുകയും ബുംറ കളിക്കാന്‍ ഫിറ്റാകുകയും ചെയ്താല്‍ അദ്ദേഹത്തെ വിശ്രമിക്കാന്‍ താന്‍ വിടില്ലെന്നാണ് രോഹിത് പറയുന്നത്. അടുത്ത ഐപിഎല്‍ മാര്‍ച്ച് 29 ന് ആരംഭിച്ച് മെയ് 15നാണ് അവസാനിക്കുക. അതായത് ഐപിഎല്‍ അവസാനിച്ചതിന് ശേഷം ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിലേക്ക് 15 ദിവസം ദൂരമുണ്ട്.

ഇത്ര സമയം വിശ്രമം ലഭിക്കുമെന്നുറപ്പായതിനാല്‍ താരങ്ങള്‍ അടുത്ത ഐപിഎല്‍ ഒഴിവാക്കുമെന്ന് തോന്നുന്നില്ലെന്ന് ബിസിസിഐയിലെ മുതിര്‍ന്ന അംഗവും പറയുന്നു. വന്‍തുക മുടക്കി ടീമിലെടുത്ത താരങ്ങളെ കളിപ്പിക്കാതിരുന്നാല്‍ ടീമുകള്‍ക്കും അതു തിരിച്ചടിയാകും. താരങ്ങളുടെ സാമ്പത്തിക നഷ്ടവും മറ്റൊരു ഘടകമാണ്.