SHARE

ഏഷ്യാ കപ്പിൽ ഇന്നലെ നടന്ന ഇറാൻ- ഇറാഖ് പോരാട്ടം ​ഗോൾരഹിത സമനിലയിൽ കലാശിച്ചു. ഏഷ്യയിലെ ഏറ്റവും പ്രശസ്തമായ വൈരം മത്സരത്തിന്റെ ആവേശം ഇരട്ടിയാക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. എന്നാൽ വിരസമായ മത്സരത്തിലും ആരാധകർക്ക് അമ്പരപ്പിനുള്ള വകുപ്പ് ഉണ്ടായിരുന്നു

മത്സരത്തിനിടയ്ക്ക് ഇറാൻ ​ഗോളി അലിറെസ ബെയ്രാൻവാന്ദ് എറിഞ്ഞ് നൽകിയ ത്രോയാണ് കളിയാരാധകരെ അമ്പരപ്പിച്ചത്. സാധാരണ ​ഗോൾക്കീപ്പർമാർ ഷൂട്ട് ചെയ്ത പന്ത് നൽകുന്ന അത്രതന്നെ നീളത്തിലാണ് അലിറെസയുടെ ത്രോയിൽ പന്തെത്തിയത്. ഏകദേശം 80 യർഡോളം നീളമുണ്ടായിരുന്നു ഈ ത്രോയ്ക്കെന്നാണ് വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇത്തരത്തിൽ നീളൻ ത്രോയെറിയുന്നതിൽ മുമ്പും മികവ് തെളിയിച്ചിട്ടുണ്ട് അലിറെസ

ഇക്കഴിഞ്ഞ റഷ്യൻ ലോകകപ്പിൽ പോർച്ചു​ഗലിനെതിരായ മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പെനാൽറ്റി തടഞ്ഞാണ് അലിറെസ ശ്രദ്ധേയനായത്. ഇറാനിലെ ഒരു ​ഗ്രാമത്തിൽ നിന്ന് കൗമാരപ്രായത്തിൽ ഫുട്ബോൾ താരമാകാൻ നാടുവിട്ട് തലസ്ഥാനമായ ടെഹ്റാനിലെത്തിയ കഥയും അലിറെസയ്ക്ക് പറയാനുണ്ട്.