SHARE

കഴിഞ്ഞ കുറച്ച് നാളുകളായി ബാറ്റിംഗിൽ ഫോം കണ്ടെത്താൻ വിഷമിക്കുന്ന ഇന്ത്യൻ നായകൻ വിരാട് കോഹ്ലി, ഇംഗ്ലണ്ടിനെതിരെ നടന്ന് കൊണ്ടിരിക്കുന്ന നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ പൂജ്യത്തിന് പുറത്താവുകയായിരുന്നു. ബെൻ സ്റ്റോക്ക്സിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ബെൻ ഫോക്ക്സിന് ക്യാച്ച് സമ്മാനിച്ച് ഡക്കിൽ പുറത്തായതോടെ ഒരു പിടി നാണക്കേടുകളാണ് കോഹ്ലിക്ക് സ്വന്തമായത്.

ഇന്ത്യൻ നായകനായിട്ടുള്ള ടെസ്റ്റ് മത്സരങ്ങളിൽ ഇത് എട്ടാം തവണയായിരുന്നു കോഹ്ലി പൂജ്യത്തിന് പുറത്തായത്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റിൽ കൂടുതൽ തവണ ഡക്കിൽ പുറത്താകുന്ന ഇന്ത്യൻ നായകനെന്ന നാണം കെട്ട റെക്കോർഡിൽ എം എസ് ധോണിക്കൊപ്പം കോഹ്ലിയെത്തി. നേരത്തെ രണ്ടാം ടെസ്റ്റിലും കോഹ്ലി പൂജ്യത്തിന് പുറത്തായിരുന്നു. 2014 ന് ശേഷം ഇതാദ്യമായാണ് ഒരു പരമ്പരയിൽ രണ്ട് തവണ കോഹ്ലി അക്കൗണ്ട് തുറക്കാതെ പുറത്താകുന്നത്.

കോഹ്ലിയുടെ പുറത്താകലിന്റെ മറ്റ് പ്രത്യേകതകൾ

  1. ടെസ്റ്റ് കരിയറിലെ പന്ത്രണ്ടാമത്തെ ഡക്ക്
  2. ഇംഗ്ലണ്ടിനെതിരെ അഞ്ചാമത്തെ ഡക്ക്, അവർക്കെതിരെ കളിച്ച അവസാന 7 ഇന്നിംഗ്സുകളിൽ മൂന്നാമത്തെ ഡക്ക്
  3. ഈ പരമ്പരയിലെ രണ്ടാമത്തെ ഡക്ക്
  4. രണ്ട് തവണ കോഹ്ലി പൂജ്യത്തിന് പുറത്താകുന്ന രണ്ടാമത്തെ പരമ്പര
  5. കോഹ്ലിയുടെ വിക്കറ്റ് ബെൻ സ്റ്റോക്ക്സ് വീഴ്ത്തുന്നത് ഇത് അഞ്ചാം തവണ. കോഹ്ലിയെ അഞ്ച് തവണ വീഴ്ത്തിയിട്ടുള്ള മറ്റ് ബോളർമാർ പാറ്റ് കമ്മിൻസ്, മോയിൻ അലി, സ്റ്റുവാർട്ട് ബ്രോഡ്, ജെയിംസ് ആൻഡേഴ്സൺ എന്നിവർ.