SHARE

അയര്‍ലന്‍ഡിനെതിരെ നടന്ന മൂന്നാം ടി20 മത്സരത്തിലും അഫ്ഗാനിസ്ഥാന് വിജയം. ഡെറാഡൂണിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ 32 റണ്‍സിനാണ് അഫ്ഗാനിസ്ഥാന്‍ വിജയിച്ചത്. വിജയത്തോടെ ടി20 പരമ്പര 3-0 ന് അഫ്ഗാന്‍ സ്വന്തമാക്കുകയും ചെയ്തു. സ്‌കോര്‍: അഫ്ഗാനിസ്ഥാന്‍ 210-7 (20), അയര്‍ലന്‍ഡ് 178-8 (20).

36 പന്തില്‍ 81 റണ്‍സ് നേടിയ മുഹമ്മദ് നബിയുടെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനമാണ് അഫ്ഗാനിസ്ഥാന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. 6 ഫോറുകളും 7 സിക്‌സുകളും അടങ്ങുന്നതായിരുന്നു നബിയുടെ ഇന്നിംഗ്‌സ്. മറുപടി ബാറ്റിംഗിനിറങ്ങിയ അയര്‍ലന്‍ഡിന് വേണ്ടി കെവിന്‍ ഒബ്രയാന്‍ 74 റണ്‍സും ആന്‍ഡ്ര്യൂ ബാല്‍ബിര്‍ന്നെ 47 റണ്‍സും നേടി. എന്നാല്‍ 5 വിക്കറ്റുകള്‍ വീഴ്ത്തിയ റാഷിദ് ഖാന് മുന്നില്‍ അയര്‍ലന്‍ഡ് പരാജയം സമ്മതിക്കുകയായിരുന്നു.