SHARE

ഇംഗ്ലണ്ട് അവരുടെ ചരിത്രത്തിലെ ആദ്യത്തെ നാലുദിന ടെസ്റ്റിന് ഒരുങ്ങുന്നു. അടുത്തവര്‍ഷം ജൂലായ് 24ന് ലോര്‍ഡ്‌സിലാണ് മത്സരം. അയര്‍ലന്‍ഡാണ് എതിരാളികള്‍. ക്രിക്കറ്റ് ചരിത്രത്തിലെ മൂന്നാമത്തെ ഔദ്യോഗിക നാലുദിന ടെസ്റ്റിനാണ് ലോര്‍ഡ്‌സ് വേദിയാകുന്നത്. ടീമുകള്‍ മത്സര ദിനങ്ങള്‍ കുറയ്ക്കുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ക്രിക്കറ്റ് ലോകത്ത് ചര്‍ച്ച ഉയരുന്നുണ്ട്.

അയര്‍ലന്‍ഡിനെതിരായ മത്സരം നാലുദിനത്തില്‍ ഒതുക്കുന്നതിന് പല കാരണങ്ങളുണ്ട്. സാമ്പത്തികലാഭം തന്നെയാണ് പ്രധാന കാരണം. ഒരുദിവസം കുറച്ചു കളിച്ചാല്‍ അതിനനുസരിച്ച് പണം ലാഭിക്കാം. ടെസ്റ്റ് ക്രിക്കറ്റ് പൊതുവേ ബോര്‍ഡുകള്‍ക്ക് നഷ്ടക്കച്ചവടമാണ്. ഒരുദിവസം ഒഴിവായാല്‍ തന്നെ ലക്ഷങ്ങള്‍ ആതിഥേയ ബോര്‍ഡിന് ലാഭിക്കാം.

അയര്‍ലന്‍ഡിനെ പോലെ അത്രയൊന്നും ശക്തരല്ലാത്ത ടീമിനെതിരേ ജയിക്കാന്‍ നാലുദിവസം മതിയെന്ന ആത്മവിശ്വാസവും തീരുമാനത്തിന് പിന്നിലുണ്ട്. നാലുദിന ടെസ്റ്റിന് പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഭാഗമായിട്ടു കൂടിയാണ് ഇസിബി ഈ തീരുമാനത്തെ കാണുന്നത്. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ദക്ഷിണാഫ്രിക്കയും സിംബാബ്‌വെയും തമ്മിലുള്ള മത്സരം മൂന്നു ദിവസത്തില്‍ അവസാനിച്ചിരുന്നു.