SHARE

അടുത്തവര്‍ഷം സ്വന്തം നാട്ടില്‍ ക്രിക്കറ്റ് ലോകത്തെ വമ്പന്‍ ടീമുകളെ നേരിടാനുള്ള അവസരം അയര്‍ലന്‍ഡിന് കൈവരുന്നു. ഇംഗ്ലണ്ട്, ബംഗ്ലാദേശ്, വെസ്റ്റ് ഇന്‍ഡീസ് ടീമുകള്‍ അയര്‍ലന്‍ഡിലേക്ക് കളിക്കാനെത്തും. ബംഗ്ലാദേശും വിന്‍ഡീസും ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയ്ക്കും അയര്‍ലന്‍ഡ് വേദിയൊരുക്കും. കഴിഞ്ഞവര്‍ഷമാണ് അഫ്ഗാനൊപ്പം അയര്‍ലന്‍ഡിന് ടെസ്റ്റ് പദവിയും പൂര്‍ണ ഐസിസി അംഗത്വവും ലഭിക്കുന്നത്.

അടുത്ത മേയ് മൂന്നു മുതല്‍ ജൂലായ് 13 വരെയുള്ള സമയത്ത് 16 മത്സരങ്ങളാകും അയര്‍ലന്‍ഡില്‍ നടക്കുക. അയര്‍ലന്‍ഡിന്റെ ക്രിക്കറ്റ് ചരിത്രത്തില്‍ ഇതിനുമുമ്പ് ഇത്രയധികം മത്സരങ്ങള്‍ക്ക് അവര്‍ വേദിയൊരുക്കിയിട്ടില്ല. മേയ് മൂന്നിന് ഇംഗ്ലണ്ടിനെതിരായ ഏകദിനത്തോടെയാണ് സീസണ്‍ ആരംഭിക്കുന്നത്. പിന്നീട് ത്രിരാഷ്ട്ര പരമ്പര.

മേയ് അഞ്ചിനാണ് ആദ്യ മത്സരം. ഓരോ ടീമും പരസ്പരം രണ്ടുതവണ ഏറ്റുമുട്ടും. 17ന് ഫൈനല്‍. പിന്നീട് അഫ്ഗാനിസ്ഥാനെതിരായ ഏകദിന, ട്വന്റി-20 പരമ്പരയും അയര്‍ലന്‍ഡ് കളിക്കും. ഇതിനുശേഷം സിംബാബ്‌വെയും പര്യടനത്തിനെത്തും. അടുത്തവര്‍ഷം ഇംഗ്ലണ്ട് വേദിയാകുന്ന ലോകകപ്പിന് അയര്‍ലന്‍ഡ് യോഗ്യത നേടിയിട്ടില്ല.