SHARE

അയര്‍ലന്‍ഡിനെതിരെ ഡെറാഡൂണില്‍ നടന്ന് കൊണ്ടിരിക്കുന്ന ടെസ്റ്റ് മത്സരത്തിന്റെ ആദ്യദിനം അഫ്ഗാനിസ്ഥാന് മുന്‍തൂക്കം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡിനെ അഫ്ഗാന്‍ ബോളര്‍മാര്‍ 172 റണ്‍സില്‍ ഒതുക്കി. മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സെടുത്തിട്ടുണ്ട്.

മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത അയര്‍ലന്‍ഡിന് 85 റണ്‍സെടുക്കുന്നതിനിടെ 9 വിക്കറ്റുകള്‍ നഷ്ടമായി. 11ാമനായി ഇറങ്ങിയ ടിം മുര്‍താഗ് നേടിയ 54 റണ്‍സാണ് അയര്‍ലന്‍ഡിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ടീമിന്റെ ടോപ് സ്‌കോററും മുര്‍താഗ് ആയിരുന്നു.

ഇതോടെ ഒരു അപൂര്‍വ്വനേട്ടവും മുര്‍താഗ് സ്വന്തമാക്കി. 11ാമനായി ക്രീസിലെത്തി ഒരു ടെസ്റ്റ് ഇന്നിംഗ്‌സില്‍ ടീമിന്റെ ടോപ് സ്‌കോററാവുന്ന 11ാമത്തെ താരമായാണ് മുര്‍താഗ് മാറിയത്. അഫ്ഗാനിസ്ഥാന് വേണ്ടി യാമിന്‍ അഹ്മദ്‌സിയും മുഹമ്മദ് നബിയും മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി.