SHARE

ഒമാനില്‍ നടക്കുന്ന ചതുര്‍രാഷ്ട്ര ട്വന്റി-20 ടൂര്‍ണമെന്റില്‍ അയര്‍ലന്‍ഡിന് നാടകീയ ജയം. നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ അവസാന പന്തില്‍ സിക്‌സര്‍ നേടി സ്റ്റൂവര്‍ട്ട് പോയെന്റ്‌നറാണ് കൈവിട്ട ജയം അയര്‍ലന്‍ഡിന് സ്വന്തമാക്കി നല്കിയത്. ഒരുവിക്കറ്റിനാണ് അയര്‍ലന്‍ഡ് ജയിച്ചു കയറിയത്. അവസാന പന്തില്‍ വേണ്ടിയിരുന്നത് ആറുറണ്‍സായിരുന്നു. ആദ്യം ബാറ്റുചെയ്ത ഡച്ച് പട ഒന്‍പതുവിക്കറ്റിന് 182 റണ്‍സെടുത്തു.

വലിയ ലക്ഷ്യമാണ് മുന്നിലുണ്ടായിരുന്നതെങ്കിലും തെല്ലും കൂസാതെയായിരുന്നു ഐറിഷ് തിരിച്ചടി. ഒരുറണ്‍സെടുത്ത ക്യാപ്റ്റന്‍ പോള്‍ സ്റ്റിര്‍ലിംഗ് പുറത്തായശേഷം കെവിന്‍ ഒബ്രെയ്‌നും ആന്‍ഡി ബാല്‍ബര്‍ണിയും ചേര്‍ന്ന് ബൗളര്‍മാരെ കടന്നാക്രമിച്ചു. 30 പന്തില്‍ 46 റണ്‍സെടുത്ത കെവിന്‍ മടങ്ങുമ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ 99 റണ്‍സ്.

-Advertisement-

മധ്യനിരയില്‍ ആരും വലിയ സ്‌കോറുകള്‍ നേടിയില്ലെങ്കിലും ബാല്‍ബര്‍ണി ഉറച്ചു നിന്നതോടെ സ്‌കോര്‍ കയറി. 50 പന്തില്‍ 83 റണ്‍സെടുത്ത ബാല്‍ബര്‍ണി പുറത്തായെങ്കിലും കളി അവസാന ഓവറിലേക്ക് നീങ്ങിയപ്പോള്‍ ജയിക്കാന്‍ വേണ്ടത് 12 റണ്‍സ്. അടുത്തടുത്ത പന്തുകളില്‍ ജോഷ്വാ ലിറ്റിലും ബോയ്ഡ് റാങ്കിനും പുറത്തായെങ്കിലും അവസാന ചിരി അയര്‍ലന്‍ഡിന്റേതായി.