SHARE

ഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച നായകന്മാരിലൊരാളായ ഗാംഗുലി മത്സരത്തിന് മുന്നോടിയായുള്ള ടോസിംഗിന് എത്താൻ പലപ്പോളും വൈകിയിരുന്ന താരമാണ്. മുൻ‌ ഇംഗ്ലണ്ട് നായകൻ നാസർ ഹുസൈൻ, ഓസീസ് നായകൻ സ്റ്റീവ് വോ എന്നിവർക്ക് പോലും ടോസിടാൻ ഗാംഗുലിയെ കാത്തിരിക്കേണ്ട അവസ്ഥ കളിച്ചു കൊണ്ടിരുന്ന സമയത്ത് വന്നിട്ടുണ്ട്. ഇപ്പോളിതാ ഗാംഗുലി ടോസിടാൻ പോകാൻ വൈകിയിരുന്ന സമയത്ത് പോലും അദ്ദേഹം ഒട്ടും തിടുക്കം കാണിച്ചിരുന്നില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ കീഴിൽ ഇന്ത്യൻ ടീമിൽ കളിച്ചിട്ടുള്ള ഇർഫാൻ പത്താൻ.

ഓസ്ട്രേലിയയിലേക്കുള്ള തന്റെ ആദ്യ പര്യടനത്തിൽ ഗാംഗുലി, സ്റ്റീവോയെ ടോസിംഗ് സമയത്ത് കാത്തു നിർത്തിച്ച കാര്യത്തെക്കുറിച്ച് ഇർഫാൻ പറഞ്ഞത് ഇങ്ങനെ, “ആ സംഭവം ഞാൻ ഇപ്പോളും കൃത്യമായി ഓർക്കുന്നു. അന്ന് ഞാൻ ഡ്രെസ്സിംഗ് റൂമിലായിരുന്നു. ടോസിന് സമയമായപ്പോളും ഗാംഗുലി ക്ലോക്കിൽ നോക്കി നിൽക്കുകയായിരുന്നു. ടീം മാനേജർ ടോസിന് സമയമായതായി അദ്ദേഹത്തെ ഓർമ്മപ്പെടുത്തി. സിഡ്നി‌ ടെസ്റ്റിനിടെ സച്ചിൻ പാജിയായിരുന്നു ദാദ, നിങ്ങൾ ടോസിന് പോകാൻ സമയമായി എന്ന് അദ്ദേഹത്തോട് പറഞ്ഞത്. എന്നാൽ ഈ സമയങ്ങളിലും അദ്ദേഹം യാതൊരു തിടുക്കവും കാട്ടിയിരുന്നില്ല. ഒരാൾ ഒരിടത്ത് വൈകുകയാണെങ്കിൽ അയാളുടെ മുഖത്ത് കുറച്ച് സമ്മർദ്ദം പ്രകടമാകേണ്ടതാണ്‌ എന്നാൽ ദാദയ്ക്ക് ഒരു തിരക്കുമുണ്ടായിരുന്നില്ല‌. “ മുൻ ഇന്ത്യൻ താരം പറഞ്ഞു നിർത്തി.

-Advertisement-