SHARE

നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരം പേസ് ബൗളർ ജസ്പ്രിത് ബുംറയാണെന്ന് ഇന്ത്യൻ ഓൾ റൗണ്ടർ ഇർഫാൻ പത്താൻ. കഴിഞ്ഞ ദിവസം ഐ എ എൻ എസിനോട് സംസാരിക്കവെയായിരുന്നു പത്താൻ ഇങ്ങനെ അഭിപ്രായപ്പെട്ടത്‌. മൂന്ന് ഫോർമ്മാറ്റുകളിലും മികവ് കാട്ടാൻ കഴിയുന്ന താരമാണ് ബുംറയെന്നും, അതിനാൽ അദ്ദേഹത്തിന്റെ ജോലിഭാരം അമിതമാകാതിരിക്കാൻ ടീം മാനേജ്മെന്റ് ശ്രദ്ധിക്കണമെന്നും ഇർഫാൻ കൂട്ടിച്ചേർത്തു.

ഇർഫാന്റെ വാക്കുകൾ ഇങ്ങനെ, ” ജസ്പ്രിത് ബുംറയാണ് ഇന്ത്യൻ ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ബുംറ കളിക്കാതിരിക്കുന്ന മത്സരങ്ങളിൽ അത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാവാറുണ്ട്. മറ്റാരുടേയും അഭാവത്തേക്കാൾ ബുംറയുടെ അഭാവം ടീമിനെ ബാധിക്കും. അദ്ദേഹം ഈ ടീമിന് വളരെയധികം പ്രധാനപ്പെട്ടതാണ്. ഇത് പോലൊരു താരത്തെ കിട്ടിയത് ഇന്ത്യൻ ടീമിന്റെ ഭാഗ്യമാണ്”.

അതേ സമയം വെസ്റ്റിൻഡീസിനെതിരായ രണ്ട് മത്സര ടെസ്റ്റ് പരമ്പരയിൽ മിന്നും പ്രകടനമായിരുന്നു ബുംറ കാഴ്ച വെച്ചത്. പരമ്പരയിൽ മൊത്തം 13 വിക്കറ്റുകൾ വീഴ്ത്തിയ ബുംറ, രണ്ടാം ടെസ്റ്റിൽ ഹാട്രിക്കും നേടിയിരുന്നു.