SHARE

2022 സീസൺ ഐപിഎല്ലിന് മുന്നോടിയായി നടക്കാനിരിക്കുന്ന താരലേലത്തിന് മുൻപ് മുംബൈ ഇന്ത്യൻസ് ടീമിൽ നിലനിർത്താൻ പോകുന്ന 4 താരങ്ങൾ ആരൊക്കെയായിരിക്കുമെന്ന് ചൂണ്ടിക്കാട്ടി മുൻ ഇന്ത്യൻ ഓൾ റൗണ്ടർ ഇർഫാൻ പത്താൻ‌‌. കഴിഞ്ഞ ദിവസം സ്റ്റാർ സ്പോർട്സിൽ സംസാരിക്കവെയായിരുന്നു മുംബൈ നിലനിർത്താൻ പോകുന്ന താരങ്ങളെ ഇർഫാൻ തിരഞ്ഞെടുത്തത്.

മുംബൈ ഇന്ത്യൻസ് ഒന്നാമതായി നില നിർത്തുക അവരുടെ നായകനായ ഇന്ത്യൻ സൂപ്പർ താരം രോഹിത് ശർമ്മയെ ആയിരിക്കുമെന്നാണ് ഇർഫാൻ പറയുന്നത്. രണ്ടാമതായി വലം കൈയ്യൻ സ്റ്റാർ പേസർ ജസ്പ്രിത് ബുംറയെ ടീം നിലനിർത്തുമെന്ന് ചൂണ്ടിക്കാട്ടുന്ന അദ്ദേഹം ഹാർദിക്ക് പാണ്ട്യയെ മറികടന്ന് യുവ വിക്കറ്റ് കീപ്പർ ബാറ്ററായ ഇഷാൻ കിഷനെ ടീം നിലനിർത്തിയേക്കുമെന്നും അഭിപ്രായപ്പെട്ടു.

ഹാർദിക് പാണ്ട്യയുടെ ഫോമിൽ സമീപ കാലത്ത് ഇടിവുണ്ടായെന്ന് പറയുന്ന ഇർഫാൻ, ഭാവി മുന്നിൽക്കണ്ടു കൊണ്ടാവാണം റിട്ടൻഷനുകളെന്നും അതിനാൽ ദീർഘകാലത്തെ കളി ശേഷിക്കുന്ന കിഷനെ തന്നെയാകണം മുംബൈ റിട്ടെയി‌ൻ ചെയ്യേണ്ടതെന്നും അഭിപ്രായപ്പെടുന്നു‌. അതേ സമയം വിദേശ താരങ്ങളിൽ മുംബൈ നിലനിർത്തുക വിൻഡീസ് ഓൾ റൗണ്ടർ കീറൺ പൊള്ളാർഡിനെയാണെന്നും അക്കാര്യത്തിൽ യാതൊരു സംശയവുമില്ലെന്നും സംസാരത്തിനിടെ മുൻ ഇന്ത്യൻ ഓൾ റൗണ്ടർ കൂട്ടിച്ചേർത്തു‌.

“വിദേശ താരങ്ങളിൽ മുംബൈ നിലനിർത്തുക കീറൺ പൊള്ളാർഡിനെയാവണം. അക്കാര്യത്തിൽ യാതൊരു സംശയവുമില്ല, ഏറ്റവും കുറഞ്ഞത് എന്റെ മനസിലെങ്കിലും. മുംബൈ ഇന്ത്യൻസ് എന്താണ് ചിന്തിക്കുന്നതെന്ന് എനിക്കറിയില്ല‌‌. വർഷങ്ങളായി ടീമിനെ വിജയിപ്പിച്ചു കൊണ്ടിരിക്കുകയും, അവർക്കായി സ്ഥിരതയോടെ കളിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന താരമാണ് അദ്ദേഹം. ഇപ്പോളും ഏറ്റവും ഉയർന്ന തലത്തിൽ തന്നെയാണ് അദ്ദേഹത്തിന്റെ ബാറ്റിംഗ്. ബിഗ് ഹിറ്റിംഗിന്റെ കാര്യമെടുത്താലും ഫിനിഷിംഗിന്റെ കാര്യമെടുത്താലും ഇപ്പോളും അദ്ദേഹം പവർഹൗസാണ്. അത് കൊണ്ടു തന്നെ പൊള്ളാർഡ് ഉറപ്പായും റഡാറിലുണ്ടാവും.” ഇർഫാൻ പറഞ്ഞു നിർത്തി.