ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനഞ്ചാം പതിപ്പിൽ മികച്ച പ്രകടനം നടത്തുന്ന ഇന്ത്യൻ താരങ്ങളിലൊരാളാണ് ശിഖർ ധവാൻ. മേഗാലേലത്തിൽ പഞ്ചാബ് കിങ്സ് സ്വന്തമാക്കിയ ഈ ഓപ്പണർ, ടീം ക്യാപ്റ്റനാകുമെന്നാണ് ആദ്യം കരുതപ്പെട്ടത്. എന്നാൽ അതുണ്ടായില്ലെങ്കിലും സീസണിൽ പഞ്ചാബിന്റെ വിജയങ്ങളിലൊക്കെ ഈ താരത്തിന് ശ്രദ്ധേയ പങ്കുണ്ടായിരുന്നു.
ഇന്നലെ നടന്ന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ പഞ്ചാബിന്റെ വിജയത്തിലും ധാവൻ നിർണായകമായിരുന്നു. എട്ട് വിക്കറ്റിന് പഞ്ചാബ് വിജയിച്ച മത്സരത്തിൽ 62 റൺസുമായി ധവാൻ പുറത്താകാതെ നിന്നു. ഈ മികച്ച ഇന്നിംഗ്സിന് പിന്നാലെ ധവാനെ ഐപിഎൽ ഇതിഹാസമെന്ന് വിശേഷിപ്പിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ.
ധവാൻ ഒരു ഐപിഎൽ ഇതിഹാസമാണ്, അത്തരത്തിലുള്ള ഒരു ബാറ്ററാണ് അദ്ദേഹം, ഇത് ഐപിഎല്ലിന്റെ പതിനഞ്ചാം പതിപ്പാണ് നടക്കുന്നത്, എന്നാൽ ഇതിൽ രണ്ട് സീസണൊഴികെ ബാക്കിയെല്ലാത്തിലും ധാവൻ 300 റൺസ് നേടിയിട്ടുണ്ട്, അത്ര സ്ഥിരതയാർന്ന പ്രകടനം ധവാൻ നടത്തുന്നുണ്ട്, ടൈറ്റൻസിനെതിരായ മത്സരത്തിൽ ധവാൻ തന്റെ പരിചയസമ്പത്ത് പുറത്തെടുക്കേണ്ട സാഹചര്യമുണ്ടായി, അത് അദ്ദേഹം ചെയ്തു, ധവാൻ തന്റെ ഇന്നിംഗ്സ് പടുത്തുയർത്തിയ രീതി, പഞ്ചാബിന് വളരെ പ്രധാനമായിരന്നു, തുടക്കത്തിൽ കൂടുതൽ വിക്കറ്റുകൾ പോകാതിരിക്കാൻ പഞ്ചാബിനെ സഹായിച്ചത് ആ ഇന്നിംഗ്സാണ്, പത്താൻ സ്റ്റാർ സ്പോർട്സിനോട് പറഞ്ഞു.