SHARE

ഐപിഎല്ലില്‍ ഏറ്റവുമധികം ആരാധകരുള്ള ടീമുകളിലൊന്നാണ് ചെന്നൈ സൂപ്പര്‍കിംഗ്‌സ്. എം.എസ്. ധോണിയുടെ സാന്നിധ്യവും അതിനൊരു കാരണമാണ്. തങ്ങളുടെ ടീമില്‍ കളിച്ചിരുന്ന മുന്‍താരങ്ങളെ എപ്പോഴും പരിഗണിക്കാന്‍ ചെന്നൈ മാനേജ്‌മെന്റ് ശ്രദ്ധിക്കാറുണ്ട്. കഴിഞ്ഞദിവസം ചെന്നൈ ഡ്രെസിംഗ് റൂമിലേക്ക് ഒരു അതിഥിയെത്തി. മറ്റാരുമല്ല ഇര്‍ഫാന്‍ പത്താനായിരുന്നു അത്.

ചെന്നൈ ടീമിനൊപ്പം ഡ്രെസിംഗ് റൂമില്‍ കുറച്ചധികം സമയം ചെലവഴിച്ച പത്താന്‍ അവര്‍ക്കൊപ്പം സൗഹൃദം പങ്കിട്ടാണ് മടങ്ങിയത്. നിലവില്‍ ഐപിഎല്‍ കമന്ററി ടീമിനൊപ്പമാണ് പത്താന്‍. കളിവിശകലനങ്ങളുമായി തിരക്കിലാണെങ്കിലും ഒരുപാട് കാലം കളിച്ച ചെന്നൈയിലെ പഴയ സഹതാരങ്ങളെ കാണാന്‍ അദേഹം എത്തുകയായിരുന്നു.

ധോണിയും അമ്പാട്ടി റായ്ഡുവും അടക്കമുള്ളവരോട് സൊറപറഞ്ഞും പൊട്ടിച്ചിരിച്ചും പത്താന്‍ ഇരിക്കുന്നതിന്റെ ചിത്രങ്ങള്‍ ചെന്നൈ ടീം തന്നെയാണ് ട്വീറ്റ് ചെയ്തത്. രഞ്ജി ട്രോഫിയില്‍ ജമ്മു കാഷ്മീര്‍ ടീമിന്റെ മെന്ററാണ് പത്താന്‍. കൂടാതെ സഹോദരന്‍ യൂസഫ് പത്താനൊപ്പം ചേര്‍ന്ന് ക്രിക്കറ്റ് അക്കാദമിയും നടത്തുന്നുണ്ട്.