SHARE

കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ സ്റ്റാർ ക്രിക്കറ്റർ ഇർഫാൻ പത്താൻ എല്ലാത്തരം ക്രിക്കറ്റ് മത്സരങ്ങളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. 2012 ൽ തന്റെ അവസാന അന്താരാഷ്ട്ര മത്സരം കളിച്ച പത്താൻ പിന്നീടുള്ള 7 വർഷങ്ങളിൽ ഒരിക്കൽപ്പോലും ഇന്ത്യൻ ജേഴ്സിയണിഞ്ഞില്ല. ഐപിഎല്ലിലും നിറം മങ്ങിപ്പോയ പത്താൻ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആരാധകർക്ക് സങ്കടകരമായ കാഴ്ചയായിരുന്നു. 2004 ൽ സൗരവ് ഗാംഗുലി നായകനായിരുന്ന‌ സമയത്ത് ഇന്ത്യൻ ടീമിൽ അരങ്ങേറിയ ഇർഫാൻ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവെ തന്നെ നയിച്ച ഏറ്റവും മികച്ച ക്യാപ്റ്റന്മാർ ആരൊക്കെയെന്ന് വെളിപ്പെടുത്തിയിരുന്നു.

തന്നെ നയിച്ചിട്ടുള്ള ഏറ്റവും മികച്ച ക്യാപ്റ്റൻആരെന്ന ചോദ്യത്തിന് സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ്, അനിൽ കുംബ്ലെ എന്നിവരെ ഇർഫാൻ ഏറെ പുകഴ്ത്തി‌. എന്നാൽ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകനായ മഹേന്ദ്ര സിംഗ് ധോണിയെക്കുറിച്ച് ഇർഫാൻ ഒരക്ഷരം മിണ്ടിയില്ല. ധോണിയെ തന്റെ മികച്ച ക്യാപ്റ്റന്മാരുടെ ലിസ്റ്റിൽ നിന്ന് തഴഞ്ഞ ഇർഫാൻ, രാഹുൽ ദ്രാവിഡാണ് തന്നെ ഏറ്റവും നന്നായി ഉപയോഗിച്ചിട്ടുള്ള നായകനെന്നും കൂട്ടിച്ചേർത്തു.

ദ്രാവിഡ് ഒരു ബോളറെന്ന നിലയിൽ മാത്രമല്ല ബാറ്റ്സ്മാനെന്ന നിലയിലും തന്നെ നന്നായി ഉപയോഗിച്ചെന്നും, ദ്രാവിഡ് നായകനായിരുന്ന സമയത്ത് തന്റെ ബാറ്റിംഗ് പ്രകടനങ്ങൾ ഏറ്റവും മികച്ചതായിരുന്നെന്നും പറഞ്ഞ ഇർഫാൻ, ദ്രാവിഡ് നായക‌സ്ഥാനത്ത് നിന്ന് മാറിയതിന് ശേഷം തനിക്ക്‌ടോപ്ഓർഡറിൽ ബാറ്റ് ചെയ്യാൻ പോലും അവസരം ലഭിച്ചില്ലെന്നും കൂട്ടിച്ചേർത്തു. ദ്രാവിഡിനെക്കുറിച്ച് വാതോരാതെ സംസാരിച്ച ഇർഫാൻ കൂട്ടത്തിൽ സൗരവ് ഗാംഗുലിയുടേയും, അനിൽ കുംബ്ലെയുടേയും ക്യാപ്റ്റൻസിയേയും വാനോളം പുകഴ്ത്തി.