SHARE

ക്രിക്കറ്റ് പ്രേമികൾക്ക് മറക്കാനാവാത്ത മത്സരമാണ് 2007 ടി20 ലോകകപ്പിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടന്ന ഗ്രൂപ്പ്‌ ഘട്ട മത്സരം. നിശ്ചിത സമയത്ത് ഇരു ടീമുകളുടേയും സ്കോറുകൾ തുല്യനിലയിൽ അവസാനിച്ചതിനെത്തുടർന്ന് ബോൾ ഔട്ടിലായിരുന്നു അന്ന് വിജയികളെ കണ്ടെത്തിയത്. ഐസിസി ടൂർണമെന്റുകളുടെ ചരിത്രത്തിലെ ആദ്യ ബോളൗട്ട് കൂടിയായിരുന്നു ഇത്.

ഇന്ത്യയ്ക്ക് വേണ്ടി ബോളൗട്ടിൽ പന്തെറിയാനെത്തിയ വീരേന്ദർ സേവാഗ്, ഹർഭജൻ സിംഗ്, റോബിൻ ഉത്തപ്പ എന്നിവർ വിജയകരമായി സ്റ്റമ്പിൽ പന്തെറിഞ്ഞ് കൊള്ളിച്ചപ്പോൾ പാകിസ്ഥാൻ താരങ്ങളായ യാസിർ അറാഫത്ത്, ഉമർ ഗുൽ, ഷാഹിദ് അഫ്രീദി എന്നിവരുടെ പന്തുകൾ ലക്ഷ്യത്തിൽ കൊണ്ടില്ല. ഇതോടെ ഇന്ത്യ 3-0 ന് ബോളൗട്ടിൽ മത്സരം വിജയിച്ചു.

ഇപ്പോളിതാ‌ അന്ന് ബോളൗട്ടിൽ പാകിസ്ഥാൻ ദയനീയമായി പരാജയപ്പെട്ടതിനെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് അന്ന് ഇന്ത്യൻ ടീമിലുണ്ടായിരുന്ന ഇർഫാൻ പത്താൻ.

ബോളൗട്ടിൽ എന്ത് ചെയ്യണമെന്ന് തങ്ങൾക്ക് അറിയില്ലായിരുന്നുവെന്ന് അന്ന് മത്സര‌ശേഷം പാകിസ്ഥാൻ ക്യാപ്റ്റൻ ഷോയിബ് മാലിക്ക് പറഞ്ഞതായി ഇർഫാൻ ഓർത്തെടുക്കുന്നു. ഫുൾ റണ്ണപ്പ് എടുത്ത് എറിയണോ അതോ പാതി റണ്ണപ്പ് എടുത്ത് എറിയണോ എന്ന കാര്യത്തിൽ തങ്ങൾക്ക് വലിയ ധാരണയില്ലായിരുന്നുവെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നതായി പത്താൻ കൂട്ടിച്ചേർത്തു. അതേ സമയം ഇന്ത്യ ബോളൗട്ടിന് നന്നായി തയ്യാറായിത്തന്നെയാണ് വന്നതെന്നും അത് കൊണ്ട് ബോളൗട്ട് തങ്ങൾക്ക് അനുകൂലമാവുകയായിരുന്നുവെന്നും സ്റ്റാർ സ്പോർട്സിന്റെ ക്രിക്കറ്റ് കണക്ടഡ് എന്ന പരിപാടിയിൽ പങ്കെടുക്കവെ ഇർഫാൻ വെളിപ്പെടുത്തി.