SHARE

മത്സരത്തിനിടെ അപ്രതീക്ഷിതമായി കാലില്‍ തട്ടി പന്ത് വലയിലെത്തുമ്പോഴും, വെറുതേ വെച്ചുകൊടുത്ത് കാലില്‍ തട്ടി ഗോള്‍ ലൈന്‍ സേവ് നടക്കുമ്പോഴൊക്കെയാണ് ഫുട്‌ബോള്‍ കളിക്കാരെ ഭാഗ്യം തുണച്ചെന്ന് പറയാറുള്ളത്. എന്നാല്‍ അയര്‍ലന്‍ഡ് ഫുട്‌ബോള്‍ താരമായ കെവിന്‍ ഒ കോണറിനെ തേടിയെത്തിയിരിക്കുന്നത് സാക്ഷാല്‍ ലോട്ടറി ഭാഗ്യം തന്നെയാണ്.

22 കാരനായ കെവിന്‍ ഇംഗ്ലീഷ് ക്ലബായ പ്രെസ്റ്റണ്‍ നോര്‍ത്ത് എന്‍ഡിന്റെ കളിക്കാരനാണ്. പ്രതിരോധ താരമായ കെവിന്‍ അയര്‍ലന്‍ഡിനെ അണ്ടര്‍ 21 -തലത്തില്‍ പ്രതിനിധീകരിക്കുന്നുണ്ട്. ഡിസംബര്‍ 14-നാണ് കെവിന്റെ ബന്ധു ,ക്രിസ്മസ് സമ്മാനമായി ഐറിഷ് ദേശീയ് ലോട്ടറി നല്‍കിയത്. ലോട്ടറിയുടെ ചിത്രം അന്ന് തന്നെ അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പത്ത് ലക്ഷം യൂറോയുടെ സമ്മാനം തന്നെ കാത്തിരിക്കുന്ന കാര്യം കെവിന്‍ അറിഞ്ഞില്ല.

പുതുവത്സരദിനത്തിന്‍ മിഡില്‍സ്്‌ബ്രോയ്‌ക്കെതിരായ മത്സരശേഷം അയര്‍ലന്‍ഡില്‍ കുടുംബാംഗങ്ങളെ സന്ദര്ശിക്കുന്നതിനിടെയാണ് കെവിന്‍ സമ്മാനം ലഭിച്ച കാര്യം അറിയുന്നത്. എന്നാല്‍ വന്‍ സമ്മാനത്തുക കൊണ്ട് പ്ര്‌ത്യേകിച്ച് പദ്ധതികളൊന്നു കെവിനില്ല, ടീമിനെ ലീഗില്‍ മികച്ച നിലയിലെത്തിക്കുന്നതിനാണ് തന്റെ ശ്രദ്ധയെന്നാണ് കെവിന്‍ പറയുന്നത്.

ഐറിഷ് ടീമായ കോര്‍ക്ക് സിറ്റി എഫ്‌സിക്കേ വേണ്ടി 2015-മുതല്‍ രണ്ട് സീസണ്‍ കെവിന്‍ കളിച്ചിരുന്നു. കഴിഞ്ഞ സീസണില്‍ കോര്‍ക്ക് സിറ്റിയെ അയര്‍ലന്‍ഡ് പ്രീമിയര്‍ ലീഗ് ഡിവിഷനില്‍ ജേതാക്കളാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച കവിനെ പ്രസ്റ്റണ്‍ സ്വന്തമാക്കുകയായിരുന്നു