SHARE

ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് അയർലൻഡിന്റെ സൂപ്പർതാരം കെവിൻ ഒബ്രിയൻ. 37-കാരനായ കെവിൻ 15 വർഷം നീണ്ട ഏകദിന കരിയറിനാണ് വിരാമമിട്ടിരിക്കുന്നത്. എന്നാൽ ടി20-ടെസ്റ്റ് ക്രിക്കറ്റിൽ തുടരുമെന്നും ഈ ഓൾറൗണ്ടർ അറിയച്ചു,

2006-ൽ ഇം​ഗ്ലണ്ടിനെതിരായാണ് കെവിൻ ഏകദിനത്തിൽ അരങ്ങേറിയത്. ഇതുവരെ 153 ഏകദിന മത്സരങ്ങൾ കളിച്ച കെവിൻ 114 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. ഏകദിനത്തിൽ അയർലൻഡിനായി ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയത് കെവിനാണ്. അയർലൻഡിന്റെ ഏകദിന റൺവേട്ടക്കാരിൽ മൂന്നാമനും കെവിൻ തന്നെയാണ്. നാല് മത്സരങ്ങളിൽ അയർലൻഡിനെ നയിച്ചിട്ടുമുണ്ട് കെവിൻ.

അയർലൻഡിനായി മൂന്ന് ലോകകപ്പുകളിൽ കെവിൻ കളിച്ചിട്ടുണ്ട്. എന്നാൽ 2011-ലോകകപ്പിൽ ഇം​ഗ്ലണ്ടിനെതിരെ നേടിയ സെഞ്ച്വറിയോടെ കെവിൻ ഒരു റെക്കോർഡ് കുറിച്ചു. അന്ന് 50 പന്തിൽ സെഞ്ച്വറി നേടിയ കെവിൻ, ഏകദിന ലോകകപ്പിലെ ഏറ്റവും വേ​ഗമേറിയ സെഞ്ച്വറി എന്ന റെക്കോർഡാണ് സ്വന്തമാക്കിയത്. ഈ മാസം ആദ്യം നെതർലൻഡ്സിനെതിരെയാണ് കെവിൻ അവസാന ഏകദിനം കളിച്ചത്.