SHARE

ഏതാണ്ട് മൂന്ന് സീസണോളം ​എഫ്.സി ​ഗോവയുടെ പരിശീലകനായിരുന്നു സെർജിയോ ലൊബേറ എന്ന സ്പെയിൻകാരൻ. ഈ മൂന്ന് സീസണുകളിലും ടീമിനെ പ്ലേ ഓഫിലേ‍ എത്തിക്കാൻ ലൊബേറയ്ക്ക് സാധിച്ചു. പക്ഷെ ഒരു ലീ​ഗ് കിരീടം സ്വന്തമാക്കാൻ ലൊബേറയ്ക്ക് സാധിച്ചിട്ടില്ല. പക്ഷെ ഐ.എസ്.എല്ലിലെ കണക്കുകൾ പരിശോധിച്ചാൽ ഏറ്റവും മികച്ച പരിശീലകനാണ് ലൊബേറയെന്ന് വ്യക്തമാകും.

2017-ലാണ് ലൊബേറ ​ഗോവയിലെത്തുന്നത്. തുടർന്ന് മൂന്ന് സീസണുകളിലായി ലീ​ഗ് തലത്തിൽ മാത്രം 51 മത്സരങ്ങൾ (ഈ സീസണിലെ അവസാന മൂന്ന് ലീ​ഗ് മത്സരങ്ങളിൽ ലൊബേറയായിരുന്നില്ല) ടീമിനെ പരിശീലിപ്പിച്ചത്. ഇതിൽ 28-ലും വിജയം ലൊബേറയ്ക്കൊപ്പം നിന്നു. പത്ത് മത്സരങ്ങളിൽ സമനില വഴങ്ങിയപ്പോൾ 13 എണ്ണം തോറ്റു. ഈ സീസണിലാകട്ടെ ആകെ മൂന്ന് മത്സരങ്ങളിൽ മാത്രമാണ ലൊബേറ തോൽവി വഴങ്ങിയത്. ഈ മൂന്ന് ലീ​ഗ് സീസണുകളിൽ നിന്ന് 94 പോയിന്റുകളാണ് ലൊബേറയുടെ കീഴിൽ ​ഗോവ സ്വന്തമാക്കിയത്.

ഇത് പ്രകാരം ഐ.എസ്.എല്ലിൽ തന്നെ ഏറ്റവുമധികം ലീ​ഗ് മത്സരങ്ങളിൽ വിജയവും, ഏറ്റവുമധികം പോയിന്റും നേടിയ പരിശീലകനാണ് ലൊബേറ. അതേസമയം പ്ലേ ഓഫ ഘട്ടത്തിൽ ലൊബേറയുടെ റെക്കോർഡ് മോശമാണ്. പ്ലേ ഓഫ് ഘട്ടത്തിൽ ഒരു ജയം മാത്രമാണ് ലൊബേറയ്ക്ക് നേടാനായത്. ക്ലബിനൊപ്പമുള്ള ലോബോറുയുടെ ഏക നേട്ടം 2019-ലെ സൂപ്പർ കപ്പാണ്. അന്ന് നോക്കൗ്ട്ട് ഘട്ടത്തിലെ നാല് മത്സരങ്ങളും ജയിച്ചാണ് ലൊബേറയുടെ സംഘം കപ്പുയർത്തിയത്.

എല്ലാ പോരാട്ടങ്ങളിലുമായി ​ഗോവയെ 60 മത്സരങ്ങളിലാണ് ലൊബേറ അണിനിരത്തിയത്. ഇതിൽ 33-ലും വിജയക്കൊടി പാറിക്കാൻ ലൊബേറയ്ക്കായി. അതായത് 55 ശതമാനം മത്സരങ്ങളിലും ക്ലബിനെ വിജയിപ്പിക്കാൻ ലൊബേറക്കായി. ഒരു ഐ.എസ്.എൽ ക്ലബ് പരിശീലകന്റെ ഏറ്റവും മികച്ച നേട്ടമാണിത്.

ഏറ്റവുമധികം ​ഗോൾ, ഏറ്റവുമധികം ചാൻസ് സൃഷ്ടിച്ചത്, കൃത്യതയുള്ള പാസുകൾ, കൂടുതൽ ഡ്രിബിൾ എന്നിവയിലെല്ലാം കഴിഞ്ഞ മൂന്ന് വർഷം കൂട്ടിച്ചേർത്താൽ ​ഗോവ ഏറെ മുന്നിലാണ്. ലൊബേറയ്ക്ക് കീഴിൽ ക്ലബ് കളിച്ച ആകർഷകമായ അറ്റാക്കിങ് ഫുട്ബോളിന്റെ ഫലമാണിതെല്ലാം. അതേസമയം അമിതമായി ആക്രമണത്തിന് മുതിരുമ്പോൾ സംഭവിക്കുന്ന പ്രതിരോധത്തിലെ പിഴവുകൾ ​ഗോവയ്ക്ക്. സംഭവിക്കാറുണ്ട്. പ്ലേ ഓഫ് ​ഘട്ടങ്ങളിലാണിത് കൂടുതലും.

സ്വന്തമാക്കിയ നേട്ടങ്ങളുടെ കണക്കിൽ ലൊബേറയ്ക്ക് കാര്യമായി അവകാശപ്പെടാനൊന്നുമില്ല. സീസണിനിടയിൽ നിർഭാ​ഗ്യകരമായ സംഭവങ്ങളുണ്ടായിരുന്നില്ലെങ്കിൽ ഇക്കുറി ഒരുപക്ഷെ ​ഗോവയ്ക്കൊപ്പം ആദ്യ ഐ.എസ്.എൽ കിരീടം ഉയർത്താൻ ലൊബേറയ്ക്ക് സാധിക്കുമായിരുന്നു.