SHARE

ന്യൂസിലൻഡിനെതിരായ ‌മൂന്ന് മത്സര ടി20 പരമ്പരയിൽ വെറും 33 റൺസ് മാത്രമായിരുന്നു ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ ഋഷഭ് പന്തിന് നേടാൻ കഴിഞ്ഞത്. കഴിഞ്ഞ കുറേ നാളുകളായി കാര്യമായ വിശ്രമമില്ലാതെ കളിച്ചു കൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ സമീപകാല ഫോം അത്ര ആശാവഹമല്ല. ഇത് ആരാധകരെ അല്പം നിരാശപ്പെടുത്തുന്നുമുണ്ട്.

എന്നാൽ രണ്ട് വർഷത്തോളമായി ഋഷഭ് തുടർച്ചയായി കളിച്ചു കൊണ്ടിരിക്കുകയാണെന്നും അത് അദ്ദേഹത്തെ മാനസികമായി തളർത്തുന്നുണ്ടാകാമെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇന്ത്യൻ സീനിയർ താരമായ റോബിൻ ഉത്തപ്പ. ഈ ക്ഷീണത്തിൽ നിന്ന് മോചിതനാവാൻ അദ്ദേഹത്തിന് ഒരു ചെറിയ ഇടവേള ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടുന്ന അദ്ദേഹം, അത് ലഭിക്കുകയാണെ‌ങ്കിൽ തന്റെ പഴയ ഫോമിലേക്ക് ശക്തമായി തിരിച്ചെത്താൻ പന്തിന് കഴിയുമെന്നും അഭിപ്രായപ്പെട്ടു.

“ഋഷഭ് രണ്ട് വർഷത്തോളമായി വിശ്രമമില്ലാതെ ഇന്ത്യൻ ടീമിനൊപ്പമുണ്ട്‌. എന്തിനും ഏതിനും ഒരു പരാതിയും പറയാതെ കളിക്കാൻ അവൻ സ്വയം തയ്യാറായിരിക്കുന്നു. ബബിളിനുള്ളിൽ ദീർഘനേരം തങ്ങുന്നത് നിങ്ങളുടെ ഊർജ്ജം തളർത്തിക്കളയുന്നു. കളിക്കളത്തിൽ അദ്ദേഹം നടത്തുന്ന പ്രകടനത്തിലും അതിന് സ്വാധീനമുണ്ടെന്ന് എനിക്കുറപ്പുണ്ട്. ഋഷഭ് ഒരു ഹൈ ക്ലാസ് കളികാരനാണ്. അദ്ദേഹം തിരികെയെത്തി നമുക്കറിയാവുന്നത് പോലെ തകർത്തടിക്കുന്നതിലേക്ക് കുറച്ച് സമയത്തിന്റെ മാത്രം ദൂരമാണുള്ളത്. ക്രിക്കറ്റിൽ നിന്ന്‌ വിട്ടു നിൽക്കാനുള്ള ഒരു ഇടവേളക്ക് അദ്ദേഹം അർഹനാണെന്ന് ഞാൻ കരുതുന്നു.” ഉത്തപ്പ കൂട്ടിച്ചേർത്തു.