SHARE

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ശക്തരായ ടീമുകളിലൊന്നാണ് മുംബൈ ഇന്ത്യന്‍സ്. സീസണില്‍ അഞ്ചു മത്സരങ്ങളില്‍ നിന്ന് മൂന്നു വിജയം നേടി നാലാം സ്ഥാനത്താണ് മുംബൈ ഇന്ത്യന്‍സ്. കളിക്കളത്തിന് പുറത്തും താരങ്ങളുടെ പ്രൊഫഷണലിസം ഉറപ്പു വരുത്തുന്നതിനായി മുംബൈ കഴിഞ്ഞ സീസണില്‍ തുടങ്ങിയ ഇമോജി കിറ്റ് ശിക്ഷ വലിയ വാര്‍ത്തയായിരുന്നു.

പരിശീലന സെഷനിലോ ജിം സെഷനിലോ എത്താതിരിക്കുക, വൈകി എത്തുക തുടങ്ങിയ സാഹചര്യങ്ങളില്‍, ഇമോജി കിറ്റ് ധരിച്ച് നില്‍ക്കുന്ന താരങ്ങളുടെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയാണ് മുംബൈയുടെ രീതി. അനുകൂല്‍ റോയ്, ഇഷന്‍ കിഷന്‍, രാഹുല്‍ ചഹര്‍, സൂര്യകുമാര്‍ യാദവ്, ബരീന്ദര്‍ സ്രാന്‍ തുടങ്ങിയവരെല്ലാം ഇങ്ങനെ ഇമോജി കിറ്റ് ഇടേണ്ടി വന്നിട്ടുണ്ട്.

എന്നാലിപ്പോള്‍ ഇക്കാര്യത്തില്‍ ചിരിപ്പിക്കുന്ന ഒരു റെക്കോര്‍ഡും സ്വന്തമാക്കിയിരിക്കുകയാണ് ഇഷന്‍ കിഷന്‍. തുടര്‍ച്ചയായി രണ്ടു സീസണുകളില്‍ ഇമോജി കിറ്റ് ധരിക്കേണ്ടി വന്ന ആദ്യ താരമായാണ് മുംബൈ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഇഷന്‍ കിഷന്‍ മാറിയത്. മുംബൈ തന്നെയാണ് തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ഇക്കാര്യം പോസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷത്തെ പോലെ നീല ഇമോജി കിറ്റല്ല, മഞ്ഞ നിറത്തിലുള്ള ഇമോജി കിറ്റാണ് മുംബൈ വില്ലന്‍മാരായ താരങ്ങള്‍ക്ക് വേണ്ടി ഒരുക്കിയിട്ടുള്ളത്.