SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗ് ഏഴാം സീസണിൽ സൂപ്പർ സബ് എന്ന നിലയിൽ ശ്രദ്ധേയനായ ഇഷാൻ പണ്ഡിത എഫ്.സി ​ഗോവ വിടുന്നു. മറ്റൊരു ഐ.എസ്.എൽ ക്ലബായ ജെംഷദ്പുർ എഫ്.സിയിലേക്കാകും ഇഷാൻ കൂടുമാറുക. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

യുവ സ്ട്രൈക്കറായ ഇഷാൻ സ്പെയിനിൽ കളിച്ചശേഷമാണ് ഇന്ത്യയിലേക്കെത്തിയത്. കഴിഞ്ഞ സീസണിൽ​ ​ഗോവയ്ക്കായി 11 മത്സരങ്ങളിൽ നിന്ന് വെറും 131 മിനിറ്റ് മാത്രമാണ് ഇഷാൻ കളിച്ചത്. എന്നാൽ പകരക്കാരനായി അവസരം ലഭിച്ചപ്പോഴൊക്കെ തിളങ്ങിയ ഇഷാൻ നാല് ​ഗോളുകൾ നേടി. ഈ പ്രകടനത്തോടെ ഇഷാന് ഇന്ത്യൻ ദേശീയ ടീമിലേക്കും വിളിയെത്തിയിരുന്നു. ഇതിനുപിന്നാലെ ഇഷാൻ ​ഗോവയുമായി കരാർ പുതുക്കിയതായും റിപ്പോർട്ടുണ്ടായിരുന്നു. എന്നാലിപ്പോൾ താരം അപ്രതീക്ഷിതമായി ​ഗോവ വിടുകയാണ്.

ഇഷാന്റെ ട്രാൻസ്ഫർ കാര്യത്തിൽ ​ഗോവയും ജെംഷദ്പുരും തമ്മിൽ ധാരണയായന്നാണ് റിപ്പോർട്ട്. ട്രാൻസ്ഫർ തുകയെത്രയെന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ല. മിക്കവാറും രണ്ട് വർഷത്തെ കരാറിലാണ് ഇഷാൻ ജെംഷദ്പുരിന്റെ ജേഴ്സിയണിയുക. ജെഷ്ദ്പുരിൽ ഇഷാന് ആവശ്യത്തിന് കളിസമയം പരിശീലകൻ ഓവൻ കോയ്ൽ വാ​ഗ്ദാനം ചെയ്തെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം ജെംഷദ്പുർ മാത്രമായിരുന്നില്ല ഇഷാനെ സ്വന്തമാക്കാൻ രം​ഗത്തുണ്ടായിരുന്നത്. കൊൽക്കത്ത ക്ലബുകളായ എ.ടി.കെ മോഹൻ ബ​ഗാനും ഈസ്റ്റ് ബം​ഗാളും ഈ യുവതാരത്തെ നോട്ടമിട്ടിരുന്നു. ബ​ഗാന് താരത്തിന് മുന്നിൽ ഓഫർ വയ്ക്കുക വരെ ചെയ്തെന്നാണ് റിപ്പോർട്ട്.