SHARE

പതിനൊന്നാംഎഡിഷൻ ഇന്ത്യൻ പ്രീമിയർ ലീഗിലെ തങ്ങളുടെ ഒൻപതാം മത്സരത്തിൽ ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നിരയിൽ യുവ ഓൾ റൗണ്ടർ നിതീഷ് റാണ കളിച്ചേക്കില്ല. പരിക്കേറ്റ റാണയ്ക്ക് പകരം ജാർഖണ്ട് താരം ഇഷാങ്ക് ജഗ്ഗി കൊൽക്കത്തൻ നിരയിലെത്തുമെന്നാണ് സൂചന.

ടൂർണമെന്റിൽ കൊൽക്കത്തയ്ക്ക് വേണ്ടി മികച്ച ഓൾ റൗണ്ട് പ്രകടനം കാഴ്ചവെച്ച് കൊണ്ടിരിക്കുന്ന റാണയുടെ അഭാവം‌ ചെന്നൈക്കെതിരായ മത്സരത്തിൽ കൊൽക്കത്തയ്ക്ക് വൻ തിരിച്ചടിയാണ്. മധ്യനിരയിലെ വിശ്വസ്ത ബാറ്റ്സ്മാനെയും, നിർണായക സമയത്ത് വിക്കറ്റുകൾ എടുക്കാൻ കഴിയുന്ന ബോളറെയുമാണ് റാണ കളിച്ചില്ലെങ്കിൽ കൊൽക്കത്തയ്ക്ക് നഷ്ടമാവുക.

അതേ സമയം റാണയ്ക്ക് കളിക്കാൻ കഴിഞ്ഞില്ലെങ്കിൽ ജാർഖണ്ട് താരം ഇഷാങ്ക് ജഗ്ഗിക്കായിരിക്കും കളിക്കാൻ അവസരം ലഭിക്കുക. അഭ്യന്തര മത്സരങ്ങളിൽ ഇതിനോടകം മികവ് തെളിയിച്ച‌ ജഗ്ഗിക്ക് പക്ഷേ ഐപിഎല്ലിൽ ഇതേ വരെ തിളങ്ങാനായിട്ടില്ല. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏഴ് മത്സരങ്ങൾ കളിച്ച ജഗ്ഗിക്ക് ഇതേ വരെ നേടാൻ കഴിഞ്ഞത് 76 റണ്ണുകൾ മാത്രമാണ്.