SHARE

ഈ മാസം 18 ന് ന്യൂസിലൻഡിനെതിരെ ആരംഭിക്കാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ കലാശപ്പോരാട്ടത്തിനുള്ള ഇന്ത്യൻ പ്ലേയിംഗ് ഇലവനിൽ യുവ പേസർ മൊഹമ്മദ് സിറാജിന് അവസരം ലഭിക്കാൻ സാധ്യത. ഇതോടെ ടീമിന്റെ സീനിയർ പേസറായ ഇഷാന്ത് ശർമ്മക്കാവും പുറത്തിരിക്കേണ്ടി വരുക.‌ കഴിഞ്ഞ ദിവസം ടൈംസ് ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്.

കഴിഞ്ഞ കുറച്ച് നാളുകളായി മികച്ച ഫോമിലുള്ള മൊഹമ്മദ് സിറാജിനെ ലോക ‌ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ കളിപ്പിക്കാനാണ് ഇന്ത്യൻ ടീം മാനേജ്മെന്റ് ആഗ്രഹിക്കുന്നതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ ചൂണ്ടിക്കാട്ടുന്നത്. ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിന് മുന്നോടിയായുള്ള പരിശീലന സെഷനിൽ ടീം മാനേജ്മെന്റിനെ ആകർഷിക്കാനായാൽ സിറാജിന് പ്ലേയിംഗ് ഇലവനിൽ സ്ഥാനമുറപ്പാണെന്നും അങ്ങനെയാണെങ്കിൽ ഇന്ത്യയുടെ പ്രധാന പേസറായ ഇഷാന്ത് ശർമ്മക്ക് ഈ നിർണായക പോരാട്ടത്തിൽ പുറത്തിരിക്കേണ്ടി വരുമെന്നുമാണ് അവരുടെ റിപ്പോർട്ടിൽ പറയുന്നത്.

പരിക്കിനെത്തുടർന്ന് കുറച്ച് നാൾ കളിക്കളത്തിന് വെളിയിലായിരുന്ന ഇഷാന്ത് നേരത്തെ ഇംഗ്ലണ്ടിനെതിരെ ഈ വർഷം നാട്ടിൽ വെച്ചു നടന്ന പരമ്പരയിൽ കളിച്ചായിരുന്നു ഇന്ത്യൻ ജേഴ്സിയിലേക്ക് തിരിച്ചെത്തിയത്. മടങ്ങി വരവ് പരമ്പരയിൽ കളിച്ച 4 മത്സരങ്ങളിൽ 6 വിക്കറ്റുകളായിരുന്നു താരത്തിന്റെ സമ്പാദ്യം. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ ലീഡിംഗ് പേസറാണെങ്കിലും നീളൻ സ്പെല്ലുകളും, തുടർച്ചയായി ബൗൺസറുകളും എറിയാനുള്ള താരത്തിന്റെ ഇപ്പോളത്തെ മികവിൽ ടീം മാനേജ്മെന്റിന് ചില സംശയങ്ങളുണ്ട്. ഇംഗ്ലണ്ടിലാകട്ടെ ഈ രണ്ട് കാര്യങ്ങളും അനിവാര്യവുമാണ്. ഈ സാഹചര്യത്തിലാണ് സിറാജ് അദ്ദേഹത്തെ മറികടന്ന് ടീമിലെത്താനുള്ള സാധ്യതകൾ വർധിക്കുന്നത്.

ഓസ്ട്രേലിയൻ പര്യടനത്തിൽ ഇന്ത്യക്ക് വേണ്ടി ഉജ്ജ്വല പ്രകടനം പുറത്തെടുത്തിരുന്ന സിറാജ്, ബൗൺസറുകൾ തുടർച്ചയായി എറിയുന്നതിൽ മിടുക്കനാണ്. എന്തായാലും ഈയാഴ്ച നടക്കുന്ന പരിശീലന‌ സെഷനുകളാവും, ഇഷാന്ത് ആണോ സിറാജ് ആണോ ലോക‌ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ കളിക്കുക എന്ന കാര്യം നിർണയിക്കുക.