SHARE

2013 ൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ ഇന്ത്യയിൽവെച്ചുനടന്ന ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ 303 റൺസാണ് അടിച്ചുകൂട്ടിയത്. വിജയ ലക്ഷ്യം പിന്തുടർന്ന ഓസീസിന് അവസാന മൂന്ന് ഓവറിൽ 44 റൺസ് ജയിക്കാൻ വേണ്ടിയിരിക്കേ ഇഷാന്ത്‌ശർമ്മയുടെ 48-ം ഓവറിൽജെയിംസ് ഫോക്നർ 30 റൺസ് നേടുകയും, ഓസീസിനെ അപ്രതീക്ഷിത വിജയത്തിലേക്ക് നയിക്കുകയുമായിരുന്നു. അന്ന് ഒരോവറിൽ 30 റൺസ് വഴങ്ങിയ സംഭവം തന്റെ മനസിനെ വല്ലാതെ പിടിച്ചുലച്ചെന്നും, ഇതിന്‌ശേഷമുള്ള പതിനഞ്ച് ദിവസത്തോളം താൻ കരച്ചിലായിരുന്നെന്നും ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യൻസ്റ്റാർ ബോളർ ഇഷാന്ത് ശർമ്മ. കഴിഞ്ഞ ദിവസം ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു അഞ്ച് വർഷങ്ങൾക്ക് ശേഷം ഇഷാന്തിന്റെ വെളിപ്പെടുത്തൽ.

“എനിക്ക് എന്നെക്കുറിച്ചോർത്ത് വളരെയധികം നിരാശ തോന്നി. ഞാൻ ഇന്ത്യൻ തോൽവിക്ക് കാരണമായി. ഒരു ദിവസമല്ല, പതിനഞ്ച് ദിവസമെങ്കിലും താൻ കരഞ്ഞിട്ടുണ്ട്”. ആ പഴയ സംഭവം ഇഷാന്ത് ഓർത്തെടുത്തു. തന്റെ ഭാര്യ പ്രതിമാ സിംഗും, സുഹൃത്ത് രാജീവ് മഹാജനുമാണ് അക്കാലത്തെ മനോവിഷമത്തിൽ നിന്ന് കരകയറാൻ തന്നെ സഹായിച്ചതെന്നും ഇഷാന്ത് പറയുന്നു. അതേ സമയം ഇഷാന്ത് കരയുന്നതിനെക്കുറിച്ച് തനിക്ക്‌ചിന്തിക്കാനാവില്ലെന്നും, അതിന് മുൻപ് ഒരിക്കൽപ്പോലും അദ്ദേഹത്തിന്റെ കണ്ണുനനയുന്നത് കണ്ടിട്ടില്ലെന്നും ഇഷാന്തിന്റെ ഭാര്യയും പറയുന്നു.

ഇന്ത്യ 3-2 ന് പരമ്പര ജയിച്ചെങ്കിലും, മൂന്നാം മത്സരത്തിന് ശേഷം ഇന്ത്യൻ പ്ലേയിംഗ് ഇലവനിൽ നിന്ന് ഇഷാന്ത് പുറത്തായിരുന്നു. ഈ പരമ്പരയ്ക്ക് ശേഷം ഇന്ത്യൻ ഏകദിന ടീമിൽ നിന്നും തഴയപ്പെട്ട ഇഷാന്ത് പിന്നീട് ഇത് വരെ 12 ഏകദിന മത്സരങ്ങൾ മാത്രമാണ് തന്റെ കരിയറിൽ കളിച്ചത്. 2016 ന്‌ ശേഷം ഏകദിന ടീമിലെത്താനും അദ്ദേഹത്തിന്‌ കഴിഞ്ഞിട്ടില്ല.