SHARE

കണ്ണങ്കാലിന് പരിക്കേറ്റ ഇന്ത്യൻ സ്റ്റാർ പേസർ ഇഷാന്ത് ശർമ്മ ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്. ഇന്ത്യൻ ടീമിലെ ഏറ്റവും പരിചയസമ്പന്നനായ പേസ് ബൗളറായ ഇഷാന്ത് ആദ്യ മത്സരത്തിൽ കളിച്ചേക്കില്ലെന്നത് ടീമിന് കനത്ത തിരിച്ചടിയാണ്. കഴിഞ്ഞ മാസം വിദർഭയ്ക്കെതിരെ നടന്ന രഞ്ജി ട്രോഫി മത്സരത്തിൽ കളിക്കുന്നതിനിടെയായിരുന്നു ഡെൽഹി താരമായ ഇഷാന്തിന് പരിക്കേറ്റത്.

ഇഷാന്തിനേറ്റ പരിക്ക് അല്പം ഗുരുതരമാണെന്നും ഇതേത്തുടർന്ന് ന്യൂസിലൻഡിനെതിരായ് ടെസ്റ്റ് പരമ്പര താരത്തിന് പൂർണമായും നഷ്ടമാകുമെന്നുമായിരുന്നു നേരത്തെ ഉയർന്നിരുന്ന റിപ്പോർട്ട്‌. എന്നാൽ പിന്നീട് ഇഷാന്തിന്റെ പരിക്ക് അത്ര ഗൗരവമുള്ളതല്ലെന്നും, ആദ്യ ടെസ്റ്റിന് മുൻപ് അദ്ദേഹം പൂർണ ഫിറ്റ്നസ് വീണ്ടെടുക്കുമെന്നും വാർത്തകൾ വന്നു. പക്ഷേ ഇപ്പോളിതാ ഇഷാന്തിന് ആദ്യ മത്സരം നഷ്ടമായേക്കുമെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പരിക്ക് മാറി തിരിച്ചെത്തിയതിന് ശേഷം ജസ്പ്രിത് ബും റയ്ക്ക് പഴയ മികവിലെത്താൻ സാധിക്കാത്ത സാഹചര്യത്തിൽ ഇഷാന്തി ന്റെ സാന്നിധ്യം ഇന്ത്യയ്ക്ക് വലിയ കരുത്താകുമെന്ന് കരുതിയിരുന്നുവെങ്കിലും അത് നടന്നേക്കില്ല.

അതേ സമയം ഇഷാന്തിന്റെ അഭാവത്തിൽ നവ്ദീപ്‌സൈനി, ഉമേഷ് യാദവ് എന്നിവരിൽ ഒരാൾ ആദ്യ ടെസ്റ്റിൽ ഇന്ത്യൻ ടീമിന്റെ പ്ലേയിംഗ് ഇലവനിൽ എത്തുമെന്നാണ് കരുതപ്പെടുന്നത്. ഇത്തവണത്തെ ഇന്ത്യൻ അഭ്യന്തര സീസണിൽ മികച്ച പ്രകടനം നടത്തിയ ഉമേഷ് യാദവ് ടീമിലെത്താനാണ് ക്രിക്കറ്റ് വിദഗ്ധർ കൂടുതൽ സാധ്യതകൾ കൽപ്പിക്കുന്നത്.