ഐ.എസ്.എല്‍ നാലാം സീസണ്‍ പുരോഗമിക്കുമ്പോഴും ഗോള്‍ വേട്ടയില്‍ മുന്നില്‍ വിദേശ താരങ്ങള്‍ തന്നെ. ഗോവയുടെ സ്പാനിഷ് താരം കൊറോ 10 ഗോളുകളുമായി ലീഗില്‍ ഒന്നാമത് നില്‍ക്കുമ്പോള്‍, ഒമ്പത് ഗോളുകളുമായി രണ്ടാം സ്ഥാനം ബെംഗളൂരുവിന്റെ വെനസ്വേലന്‍ താരം മിക്കുവിനാണ്. മുന്നാം സ്ഥാനത്ത് ബെംഗളുരു താരവും ഇന്ത്യന്‍ നായകനുമായ സുനില്‍ ഛേത്രിയും. എട്ട് ഗോളുകളാണ് ഛേത്രി ഇക്കുറി നേടിയത്.
എന്നാല്‍ ഇതില്‍ ശ്രദ്ധേയം ആദ്യ നാലില്‍, ഉള്‍പ്പെടാത്ത അഞ്ച് ടീമുകളുടെ ഗോളുകളുടെ എണ്ണമാണ്. ഗോള്‍ വേട്ടയില്‍ മുന്നില്‍ നിൽക്കുന്ന ബംഗളുരുവിന്റെ മിക്കുവും, ഛേത്രിയും ചേര്‍ന്ന് നേടിയത് 17 ഗോളുകളാണ്. എന്നാല്‍ ജെംഷദ്പൂര്‍, മുംബൈ, ഡെല്‍ഹി, നോര്‍ത്ത് ഈസ്റ്റ്, കൊല്‍ക്കത്ത എന്നീ അഞ്ച് ടീമുകളില്‍ ഒന്നു പോലും ഇതുവരെ 15 ഗോളുകള്‍ അടിച്ചിട്ടില്ല. മുംബൈ 14 ഗോൾ നേടിയപ്പോൾ കൊല്‍ക്കത്തയും നോര്‍ത്ത് ഈസ്റ്റും നേടിയത് എട്ട് ഗോള്‍ വീതം മാത്രമാണ്. കോറോയും മിക്കുവും ഒറ്റയ്ക്ക് നേടിയിട്ടുണ്ട് ഈ ടീമുകളേക്കാള്‍ അധികം ഗോള്‍.
ഗോള്‍ നേടുന്നതില്‍ കാണിക്കുന്ന പിശുക്കൊന്നും, അത് വഴങ്ങുന്നതില്‍ ഈ ടീമുകള്‍ കാണിക്കുന്നില്ല. ആകെ 13 ഗോള്‍ നേടിയ ഡല്‍ഹി ഡൈനാമോസ്, വഴങ്ങിയത് 29 ഗോളുകളാണ്. എട്ട് ഗോള്‍ നേടിയ നേര്‍ത്ത് ഈസ്റ്റ് വഴങ്ങിയതാകട്ടെ 17 ഗോളും. ലീഗില്‍ ഏറ്റവും കുറവ് ഗോള്‍ വഴങ്ങിയത് ജെംഷദ്പൂരാണ്, പതിനൊന്ന് ഗോളുകള്‍. എന്നാല്‍ അത്ര തന്നെ ഗോളുകളെ അവര്‍ നേടിയിട്ടുമുള്ളൂ.