SHARE

ഈസ്റ്റ് ബെംഗാളിന്റെ സൂപ്പർ താരങ്ങളായ അർണബ് മൊണ്ടലിനേയും, കെവിൻ ലോബോയേയും ഐ എസ് എൽ ടീമായ എടികെ സ്വന്തമാക്കുമെന്ന് സൂചന. ഈസ്റ്റ് ബെംഗാളുമായി ഇക്കാര്യത്തിൽ എടികെ നടത്തുന്ന ചർച്ചകൾ അതിന്റെ അവസാന ഘട്ടത്തിലാണെന്നും കരാർ പ്രഖ്യാപനം ഉടൻ തന്നെയുണ്ടാകുമെന്നും വാർത്തകളുണ്ട്.

2012 മുതൽ ഐലീഗ് വമ്പന്മാരായ ഈസ്റ്റ് ബെംഗാളിനൊപ്പമുള്ള അർണബ് മൊണ്ടൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ മൂന്ന് സീസണുകളിലും ലോണടിസ്ഥാനത്തിൽ എടികെ യിൽ കളിച്ചിരുന്നു. ടീം രണ്ട് തവണ ഐ എസ് എൽ കിരീടം ഉയർത്തിയപ്പോളും നിർണായക പ്രകടനമായിരുന്നു പ്രതിരോധത്തിൽ മൊണ്ടൽ കാഴ്ച വെച്ചത്. ഈസ്റ്റ് ബെംഗാൾ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഈ വർഷത്തെ ഐലീഗിൽ 12 മത്സരങ്ങളിലാണ് മൊണ്ടൽ കളത്തിലിറങ്ങിയത്. എടികെ നേരത്തെ ബെംഗളൂരു എഫ് സി യിൽ നിന്ന് ടീമിലെത്തിച്ച ജോൺ ജോൺസണ് പ്രതിരോധത്തിൽ ഉറച്ച പിന്തുണ നൽകുകയായിരിക്കും പുതിയ ടീമിൽ മൊണ്ടലിന്റെ ദൗത്യം.

മധ്യനിര താരമായ കെവിൻ ലോബോയും 2012 മുതൽ ഈസ്റ്റ്ബെംഗാളിനൊപ്പമുള്ള താരമാണ്. ഇന്ത്യൻ സൂപ്പർ ലീഗിൽ നേരത്തെ എടികെയ്ക്കും , കേരളാ ബ്ലാസ്റ്റേഴ്സിനും വേണ്ടി കളിച്ചിട്ടുള്ള ഈ മുപ്പതുകാരൻ, ഈ വർഷത്തെ ഐലീഗിൽ 13 മത്സരങ്ങളിൽ ഈസ്റ്റ് ബെംഗാളിന് വേണ്ടി കളത്തിലിറങ്ങി.