SHARE

നാലാം സീസൺ ഇന്ത്യൻ സൂപ്പർ ലീഗ് കിരീടജേതാക്കളായ ചെന്നെെയിൻ എഫ് സി ടീം വിട്ടത് എട്ടുതാരങ്ങൾ. സീസൺ അവസാനത്തോടെ താരങ്ങൾ ക്ലബ് വിട്ട കാര്യം ട്വിറ്ററിലൂടെയാണ് അധികൃതർ അറിയിച്ചത്. ആദ്യ സീസണ്‍ മുതല്‍ ചെന്നൈയിന്‍ എഫ് സിക്കൊപ്പമുള്ള ധനചന്ദ്ര സിംഗാണ് ക്ലബ് വിട്ട പ്രമുഖതാരം.

ബിക്രംജിത് സിംഗ്, കീനന്‍ അല്‍മെയ്ഡ, ജൂഡ് നൗരഹ്, ഫുല്‍ഗാന്‍കോ കൊര്‍ഡോസ, സഞ്ജയ് ബാല്‍മുച്ചു, പവന്‍ കുമാര്‍, ഷഹിന്‍ ലാല്‍ മെലോലി തുടങ്ങിയവരാണ് ചെന്നൈയിന്‍ വിട്ട മറ്റു താരങ്ങള്‍. ഇക്കഴിഞ്ഞ സീസണില്‍ കളിച്ച 13 താരങ്ങളെയാണ് ചെന്നൈയിന്‍, ടീമിനൊപ്പം നിലനിര്‍ത്തിയിരിക്കുന്നത്. ഹെഡ് കോച്ച് ജോണ്‍ ഗ്രെഗറി, സ്‌പോര്‍ട്‌സ് സയന്റിസ്റ്റ് നിയാല്‍ ക്ലര്‍ക്ക് തുടങ്ങിയവരുമായി ഒരു വര്‍ഷത്തേക്ക് കൂടി ക്ലബ് കരാര്‍ നീട്ടിയിരുന്നു.

ഐ എസ് എല്ലില്‍ പുതുമുഖങ്ങളായി എത്തിയ ബെംഗളുരു എഫ് സിയെ പരാജയപ്പെടുത്തിയാണ് ചെന്നൈയിന്‍ ഇത്തവണ കിരീടം നേടിയത്. അടുത്ത സീസണിലേക്കായി യുവതാരങ്ങളെ ടീമിലെത്തിക്കുന്നതിനുള്ള നീക്കങ്ങളും ചെന്നൈയിന്‍ നടത്തുന്നുണ്ട്.