SHARE

ഇക്കഴിഞ്ഞ സാഫ് കപ്പിലെ തകർപ്പൻ പ്രകടനത്തിലൂടെ ശ്രദ്ധ നേടിയ ബം​ഗ്ലാദേശി താരമാണ് തോപു ബർമൻ. 26-കാരനായ ബർമൻ സെന്റർ ബാക്കായാണ് കളിക്കുന്നത്. ബം​ഗ്ലാദേശ് ടീമിനായി 42 മത്സരങ്ങൾ കളിച്ചിട്ടുള്ള ബർമൻ രാജ്യത്തെ സൂപ്പർ ക്ലബായ ബഷുന്ധര കിങ്സിന്റെ താരമാണ്.

ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ബർമനെ ഇന്ത്യൻ സൂപ്പർ ലീ​ഗിലെത്തിക്കാൻ ഇക്കുറി ശ്രമം നടന്നിരുന്നു. സൂപ്പർ ക്ലബായ നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് ഈ ബം​ഗ്ലാദേശി താരത്തെ റാഞ്ചാൻ ശ്രമിച്ചതെന്നാണ് വാർത്തകൾ. ബം​ഗ്ലാദേശിലെ പ്രധാന പത്രമായ ദ ഡെയ്ലി സ്റ്റാറാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ജൂണിൽ നടന്ന ലോകകപ്പ് യോ​ഗ്യതാ മത്സരത്തിന്റെ സമയത്താണ് നോർത്ത് ഈസ്റ്റ് ആദ്യമായി ബർമനെ തേടിയെത്തിയതെന്നാണ് റിപ്പോർട്ടുകൾ. പിന്നീട് അടുത്തിടെയും താരത്തെ ക്ലബ് സമീപിച്ചു. റിപ്പോർട്ടുകൾ പ്രകാരം നോർത്ത് ഈസ്റ്റ് പരിശീലകൻ ഖാലിദ് ജമീൽ നേരിട്ട് ബർമനുമായി ഇക്കാര്യം ചർച്ച ചെയ്തു. എന്നാൽ ഇപ്പോൾ കളിക്കുന്ന ബഷുന്ധര കിങ്സിൽ തുടരാൻ ബർമൻ തീരുമാനിക്കുകയായിരുന്നു.

നോർത്ത് ഈസ്റ്റിലെത്തിയാൽ ആവശ്യത്തിന് കളിസമയം കിട്ടിയില്ലങ്കിലോ എന്ന ആശങ്കയാലാണ് ബർമൻ ഓഫർ നിരസിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. ഏതായാലും പിന്നീട് ഒരു ദക്ഷിണ കൊറിയൻ താരത്തെ നോർത്ത് ഈസ്റ്റ് തങ്ങളുടെ ഏഷ്യൻ പ്രതിനിധിയായി സൈൻ ചെയ്തുവെന്നാണ് വാർത്തകൾ. ഇക്കാര്യത്തിൽ ഉടൻ ഔദ്യോ​ഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.