SHARE

സന്തോഷ് ട്രോഫിയിൽ ബം​ഗാളിനെ തോൽപ്പിച്ച് ഒരിക്കൽ കൂടി കേരളം വിജയികളായത് കഴിഞ്ഞ ദിവസമാണ്. ടൂർണമെന്റിലെ മികച്ച പ്രകടനത്തിന് പിന്നാലെ കേരളത്തിന്റെ യുവതാരങ്ങളെ തേടി പല ടീമുകളും രം​ഗത്തുണ്ട്. മുന്നേറ്റതാരം ജെസിൻ ടികെയെ സ്വന്തമാക്കാൻ ഐഎസ്എൽ വമ്പന്മാരായ എടികെ മോഹൻ ബ​ഗാനാണ് കളത്തിലുള്ളതെന്നാണ് സൂചന.

സെമി ഫൈനലിലെ അഞ്ചെണ്ണമടക്കം ആകെ ഒമ്പത് ​ഗോൾ നേടിയ ജെസിനാണ് സന്തോഷ് ട്രോഫിയിലെ ടോപ് സോക്റർ. ഈ പ്രകടനത്തോടെയാണ് നിലവിൽ കേരളാ യുണൈറ്റഡുമായി കരാറിലുള്ള ഈ 22-കാരനെ തേടി ബ​ഗാനെത്തിയതെന്നാണ് ഫുട്ബോൾമോങ്ക് റിപ്പോർട്ട് ചെയ്യുന്നത്.

റിപ്പോർട്ട് പ്രകരാം കൽക്കട്ട ലീ​ഗും ഐഎഫ്ഏ ഷീൽഡുമടക്കമുള്ള ടൂർണമെന്റുകളിൽ കളിക്കേണ്ടതിനാൽ സ്ക്വാഡ് വിപുലീകരിക്കുകയാണ് ബ​ഗാന്റെ ലക്ഷ്യം. ഇതിന്റെ ഭാ​ഗമായാണ് ജെസിനേയും അവർ നോട്ടമിട്ടത്. യുവതാരങ്ങളെ വളർത്തിയെടുക്കുന്നതിൽ വലിയ ശ്രദ്ധ പതിപ്പിക്കുന്ന ജുവാൻ ഫെറാൻഡോയ്ക്കും ഈ നീക്കത്തിൽ താൽപര്യമാണെന്നാണ് സൂചന. റിപ്പോർട്ടുകൾ അനുസരിച്ച് വലിയൊരു തുക ജസിന്റെ ട്രാൻസ്ഫർ ഫീ ആയി മുടക്കാൻ ബ​ഗാൻ തയ്യാറാണ്.