SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗ് എട്ടാം സീസണിലെ ആദ്യ ആഴ്ചയിലെ ഏറ്റവും മികച്ച ​ഗോളിനുള്ള പുരസ്കാരം കേരളാ ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം സഹൽ അബ്ദുൾ സമദിന്. ഐഎസ്എൽ എട്ടാം സീസണിന്റെ ഉ​ദ്ഘാടനമത്സരത്തിൽ എടികെ മോഹൻ ബ​ഗാനെതിരെ നേടിയ ​ഗോളാണ് സഹലിനെ പുരസ്കാരത്തിന് അർഹനാക്കിയത്.

കഴിഞ്ഞ വെള്ളിയാഴ്ച ​ഗോവയിലെ ഫത്തോദ സ്റ്റേഡിയത്തിൽ നടന്ന ബ​ഗാനെതിരായ മത്സരത്തിന്റെ 24-ാം മിനിറ്റിലായിരുന്നു സഹലിന്റെ ​ഗോൾ. മറ്റൊരു മലയാളി താരം കെപി രാഹുലിന്റെ ക്രോസ് നെഞ്ചിൽ സ്വീകരിച്ച് നിയന്ത്രിച്ചശേഷം സഹൽ തൊടുത്ത വലങ്കാലൻ ഷോട്ടാണ് ബ​ഗാൻ ​ഗോൾ അംരീന്ദർ സിങ്ങിനെ കാഴ്ചക്കാരനാക്കി ​ഗോൾവലയിൽ ചുംബിച്ചത്.

83.2 ശതമാനം വോട്ട് നേടിയാണ് സഹലിന്റെ ​ഗോൾ ഫാൻസ് ​ഗോൾ ഓഫ് ദ വീക്ക് ആയി തിരഞ്ഞെടുക്കപ്പെട്ടത്. മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് തോറ്റെങ്കിലും സഹൽ നേടിയ ​ഗോൾ ആരാധകരെ ആവേശത്തിലാഴ്ത്തി. ഇന്ത്യൻ സൂപ്പർ ലീ​ഗിൽ സഹലിന്റെ രണ്ടാമത്തെ ​ഗോൾ മാത്രമാണിത്. 2017-18 സീസണിലായിരുന്നു സഹൽ ഐഎസ്എല്ലിൽ ആദ്യമായി ​ഗോൾ നേടിയത്.