ഇന്ത്യൻ സൂപ്പർ ലീഗ് ഏഴാം സീസണിലും ഒരുപിടി വിദേശതാരങ്ങൾ തകർപ്പൻ പ്രകടനം കാഴ്ചവച്ചു. പതിവുപോലെ സ്പാനിഷ് താരങ്ങളാണ് വിദേശികളിൽ മികച്ചുനിന്നത്. എന്നാൽ മറ്റ് ചില വിദേശതാരങ്ങൾക്ക് ഐ.എസ്.എല്ലിലെ പ്രകടനം ദേശീയ ടീമിലേക്ക് വിളിയെത്താൻ സഹായിച്ചു.
ജെംഷദ്പുർ എഫ്.സിയുടെ ലിത്വാനിയൻ മുന്നേറ്റതാരം നെരിജുസ് വാൽസ്കിസ്, നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ മൗറിറ്റാനിയൻ മധ്യനിരതാരം ഖാസാ കമാറ, ഹൈദരാബാദ് എഫ്.സിയുടെ സൂരിനാം താരം റൊളാൻഡ് ആൽബെർഗ് എന്നിവരാണ് ഇക്കുറി ദേശീയ ടീമിലെത്തിയത്. ഇതിൽ വാൽസ്കിസും കമാറയും ഒരിടവേളയ്ക്ക് ശേഷമാണ് ദേശീയ ടീമിലെത്തുന്നത്. ആൽബെർഗിനാകട്ടെ അരങ്ങേറ്റമാണ് കഴിഞ്ഞത്.
മൗറിറ്റാനിയക്കായി ആഫ്രിക്കൻ നേഷൻസ് കപ്പ് യോഗ്യതാപോരാട്ടത്തിലാണ് ഖമാറ കളിച്ചത്. ഹക്കീം സിയാച്ച്, അഷ്റഫ് ഹക്കീമി തുടങ്ങിയവരടങ്ങിയ മൊറോക്കോയെ മൗറിറ്റാനിയ ഗോൾരഹിത സമനിലയിൽ കുരുക്കിയപ്പോൾ മധ്യനിരയിൽ കമാറയുടെ നിർണായക സാന്നിധ്യമുണ്ടായിരുന്നു.
സൂരിനാം ദേശീയ ടീമിനായി ഒന്നാം റൗണ്ട് ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ് ആൽബെർഗ് കളിച്ചത്. കെയ്മാൻ ദ്വീപ്, അറൂബ എന്നിവർക്കെതിരായ സൂരിനാമിന്റെ രണ്ട് ജയത്തിലും ആൽബെർഗ് ടീമിലുണ്ടായിരുന്നു. അറൂബയ്ക്കെതിരെ ഒരു ഗോളും നേടി. നെതർലൻഡ്സിൽ ജനിച് ആൽബെർഗ് നേരത്തെ അവരുടെ യൂത്ത് ടീമിനായി കളിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര ദൗത്യത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാനാകാത്തത് വാൽസ്കിസിനാണ്. ലിത്വാനിയക്കായി ഒരു മത്സരത്തിലാണ് വാൽസ്കിസ് കളിച്ചത്. എന്നാൽ എതിരില്ലാത്ത നാല് ഗോളിന് കൊസോവോ ലിത്വാനിയയെ തോൽപിച്ചു. ലിത്വാനിയ സ്വിറ്റ്സർലൻഡിനോട് തോറ്റ മത്സരത്തിലാകട്ടെ വാൽസ്കിസ് കളിച്ചുമില്ല.