SHARE

ഐഎസ്എല്‍ നാലാം സീസണിന്റെ ഉദ്ഘാട ചടങ്ങ് ഗംഭീരമാക്കാന്‍ മലയാളികള്‍ തയാറെടുത്തു. വില്പനയ്ക്കു വച്ച് ഒന്നരമണിക്കൂറില്‍ കേരള ബ്ലാസ്റ്റേഴ്‌സ്- അമര്‍ ടമര്‍ കൊല്‍ക്കത്ത മത്സരത്തിന്റെ ഗാലറി ടിക്കറ്റുകളെല്ലാം വിറ്റുതീരുകയും ചെയ്തു. വ്യാഴാഴ്ച്ച വൈകുന്നേരം നാലിനാണ് ടിക്കറ്റ് വില്പന തുടങ്ങിയത്. വില്പന ഒന്നരമണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും മുഴുവന്‍ ഗാലറി ടിക്കറ്റുകളും വിറ്റുതീര്‍ന്നു. മറ്റു ടീമുകള്‍ രണ്ടാഴ്ച്ച മുമ്പ് ടിക്കറ്റ് വില്പന തുടങ്ങിയിരുന്നു. എന്നിട്ടു പോലും ഇത്ര വലിയ ആരാധക ബാഹുല്യം ഉണ്ടായിരുന്നില്ല.

കേരള ബ്ലാസ്‌റ്റേഴ്‌സ് ഹോം മത്സരങ്ങളെ രണ്ടു വിഭാഗമാക്കിയാണ് ടിക്കറ്റ് വില്പന നടത്തുന്നത്. ഉദ്ഘാടന മത്സരത്തിന്റെ ടിക്കറ്റുകള്‍ക്ക് വില 240 രൂപ മുതല്‍ 3500 വരെയാണ്. ഗോള്‍ പോസ്റ്റിനു പിന്നിലെ ബിഡി ബ്ലോക്കുകള്‍ക്കു 500 രൂപയും സി ബ്ലോക്കിന് 700 രൂപയും നല്‍കണം. വിഐപി ബോക്‌സിനു സമീപമുള്ള എ, ഇ ബ്ലോക്കുകള്‍ക്കു 850 രൂപ. വിഐപി ബോക്‌സിനു 3,500 രൂപയാണ് ഈടാക്കുക.

ഗാലറി ടിക്കറ്റിനാണ് ഏറ്റവും കുറഞ്ഞ തുക. 240 രൂപയുടെ ഈ ടിക്കറ്റുകളാണ് വിറ്റുതീര്‍ന്നത്. ഓണര്‍ ബോക്‌സിനു 10,000 രൂപ നല്‍കണം. ഡിസംബര്‍ 31ന് വൈകുന്നേരം അഞ്ചരയ്ക്കു നടക്കുന്ന ബംഗളൂരു എഫ്‌സിക്കെതിരായ മത്സരത്തിനും ഫെബ്രുവരി 23ന് ചെന്നൈയിന്‍ എഫ്‌സിക്കെതിരായ മത്സരത്തിനും ഇതേ നിരക്കാണു ടിക്കറ്റിനു നിശ്ചയിച്ചിരിക്കുന്നത്. ഉദ്ഘാടന മത്സരം ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് ഐഎസ്എല്‍ സംഘാടകര്‍. ബോളിവുഡ്, ക്രിക്കറ്റ് ലോകത്തെ പ്രമുഖരെല്ലാം കൊച്ചിയില്‍ കളി കാണാനുണ്ടാകും.