SHARE

അഞ്ചാം സീസൺ ഇന്ത്യൻ സൂപ്പർ ലീഗിന്റെ സെമി‌ഫൈനൽ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാകും. ആദ്യ പാദ സെമി പോരാട്ടത്തിൽ ബെംഗളൂരു എഫ് സിയും നോർത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മിലാണ് ഇന്ന് പോരാട്ടം. ഐ എസ് എൽ ചരിത്രത്തിൽ ഇതാദ്യമായി സെമിയിലെത്തിയ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ തട്ടകമായ ഗുവാഹത്തിയിലാണ് മത്സരം നടക്കുക.

ഐ എസ് എല്ലിന്റെ ലീഗ് ഘട്ടത്തിൽ ഒന്നാമതായി ഫിനിഷ് ചെയ്താണ് ബെംഗളൂരു സെമിയിലെത്തിയതെങ്കിൽ നാലാംസ്ഥാനക്കാരായാണ് നോർത്ത് ഈസ്റ്റ് തങ്ങളുടെ കന്നി‌ ഐ എസ് എൽ പ്ലേ ഓഫ് ബർത്ത് നേടിയത്. ഒഗ്ബെച്ചിയെന്ന മുൻ പി എസ് ജി താരത്തിന്റെ ഗോളടി മികവിലാണ് സെമി‌ഫൈനലിൽ‌ നോർത്ത് ഈസ്റ്റ് പ്രതീക്ഷ വെക്കുന്നത്. അതേ സമയം മത്സരത്തിന്റെ എല്ലാ വിഭാഗങ്ങളിലും ശക്തരായ ബെംഗളൂരു എഫ് സിയുടെ പ്രധാന കരുത്ത് സുനിൽ ഛേത്രിയും, വെനസ്വലൻ താരം മിക്കുവുമാണ്.

മുംബൈ സിറ്റിയും, എഫ് സി ഗോവയുമാണ് ടൂർണമെന്റിലെ മറ്റൊരു സെമി പോരാട്ടത്തിൽ നേർക്കുനേർ വരുന്നത്. മാർച്ച് ഒൻപതാം തീയതിയാണ് ഈ പോരാട്ടം നടക്കുക. മാർച്ച് 11 ന് ബെംഗളൂരു – നോർത്ത് ഈസ്റ്റ് രണ്ടാം പാദ സെമിയും, മാർച്ച് 12 ന് ഗോവ- മുംബൈ രണ്ടാം പാദ സെമിയും നടക്കും.